1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2019

സ്വന്തം ലേഖകന്‍: ആരോരുമില്ലാത്ത നവജാത ശിശുവിനെ മുലയൂട്ടി ഹൈദരാബാദ് വനിതാ പൊലീസ്; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങളും അധികൃതരും. നവജാതശിശുവിനെ നോക്കാനേല്‍പ്പിച്ച മദ്യലഹരിയിലായിരുന്ന യുവതി തിരിച്ചുവരാത്തതിനെ തുടര്‍ന്നു സ്റ്റേഷനിലെത്തപ്പെട്ട കുഞ്ഞിനാണു പൊലീസിന്റെ മാതൃസ്‌നേഹം ലഭിച്ചത്. തുടര്‍ന്ന് നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ അമ്മയെ കണ്ടെത്തി തിരിച്ചേല്‍പിക്കുകയും ചെയതു പോലീസ്.

പൊലീസ് ദമ്പതിമാരായ എം.രവീന്ദറും പ്രിയങ്കയുമാണ് ഇപ്പോള്‍ ഹൈദരാബാദ് പോലീസിലെ താരങ്ങള്‍. സ്മാനിയ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഒരു യുവതി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അത്യാവശ്യകാര്യത്തിനു പുറത്തേക്കു പോകാനായി യുവതി കുഞ്ഞിനെ അടുത്തുള്ള ഒരാളെ ഏല്‍പിച്ചു. യുവതി മദ്യലഹരിയില്‍ ആയിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതി മടങ്ങിവരാന്‍ സമയമെടുത്തപ്പോള്‍ കുഞ്ഞുമായി ഇയാള്‍ സ്വന്തം വീട്ടിലേക്കു പോയി. വിശപ്പു സഹിക്കാതെ കുഞ്ഞ് കരച്ചില്‍ തുടങ്ങി.

കുഞ്ഞിനെ വീട്ടിലെത്തിച്ച കാര്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ രാത്രിയില്‍ അഫ്‌സല്‍ഗുഞ്ജ് പൊലീസ് സ്റ്റേഷനില്‍ എല്‍പ്പിച്ചു. കോണ്‍സ്റ്റബിള്‍ എം.രവീന്ദ്രനായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഒരുകൂട്ടമാളുകള്‍ കരയുന്ന പിഞ്ചുകുഞ്ഞിനെ എത്തിച്ച കാര്യം മറ്റൊരു സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാര്യ പ്രിയങ്കയെ അറിയിച്ചു. പ്രസവാവധിയില്‍ വീട്ടിലായിരുന്നു പ്രിയങ്ക. രാത്രിയില്‍ ഭര്‍ത്താവിന്റെ ഫോണ്‍ കിട്ടിയപാടെ കാര്‍ വിളിച്ചു പ്രിയങ്ക സ്റ്റേഷനിലെത്തി കുഞ്ഞിനെ പാലൂട്ടി.

‘ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണു ഞാനും. വിശന്നു വലഞ്ഞു കരയുന്ന കുഞ്ഞിന്റെ കരച്ചില്‍ എനിക്കു മനസ്സിലാകും. കാറില്‍ വളരെ പെട്ടെന്നു സ്റ്റേഷനിലെത്തി മുലയൂട്ടിയപ്പോഴാണ് ആ കുഞ്ഞ് കരച്ചിലടക്കിയത്,’ പ്രിയങ്ക മാധ്യമങ്ങളോട് പിന്നീടു കുഞ്ഞിനെ പെറ്റ്‌ലാബര്‍സിലെ സര്‍ക്കാര്‍ ആശുപത്രിക്കു കൈമാറി. ഇതിനിടെ കുഞ്ഞിന്റെ അമ്മയെ കണ്ടുപിടിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിരുന്നു.

തിരച്ചിലിനിടെ, ചഞ്ചല്‍ഗുഡ പ്രദേശത്ത് ഒരു സ്ത്രീ കരഞ്ഞുനടക്കുന്നതു ശ്രദ്ധയില്‍പെട്ടു. ഇവരോടു കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നോക്കാനേല്‍പിച്ച തന്റെ കുഞ്ഞിനെ ഒരാള്‍ കൊണ്ടു പോയതായി ഇവര്‍ പറഞ്ഞു. കുഞ്ഞിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ പൊലീസ് യുവതിയെ എത്തിച്ച് കുഞ്ഞ് അവരുടേതാണെന്ന് സ്ഥിരീകരിച്ചു. തെളിവുകളും വസ്തുതകളും പരിശോധിച്ചതിനു ശേഷം പൊലീസ് കുഞ്ഞിനെ അമ്മയ്ക്കു കൈമാറി. സംഭവം വൈറലായതോടെ പോലീസിലെ ഉന്നതോദ്യോഗസ്ഥരും സമൂഹ മാധ്യമങ്ങളും അഭിനന്ദനങ്ങളുമായെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.