സ്വന്തം ലേഖകന്‍: പുതുച്ചേരിയില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍; മുഖ്യമന്ത്രി വി. നാരായണ സ്വാമി രാജ്ഭവനു മുന്പില് നടത്തുന്ന ധര്‍ണ രണ്ടാം ദിവസത്തിലേക്ക്. മന്ത്രിസഭാ തീരുമാനങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എമാരും സമരം നടത്തുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് സമരം.
ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കറുത്ത വസ്ത്രം ധരിച്ചാണ് നാരായണസ്വാമി സമരത്തിനിരിക്കുന്നത്. ‘കിരണ്‍ബേദിക്ക് എല്ലാത്തിലും ഇടപെടാനുള്ള അധികാരമില്ല, മന്ത്രിമാര്‍ അയക്കുന്ന പേപ്പറുകളില്‍ ഒപ്പ് വെക്കുക എന്നത് മാത്രമാണ് അവരുടെ ചുമതല. മന്ത്രിസഭാ തീരുമാനങ്ങളില്‍ ഇടപെടാനുള്ള അധികാരം അവര്‍ക്കില്ല. സര്‍ക്കാരിനുമേല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ അവരെ പ്രധാനമന്ത്രിയാണ് പ്രേരിപ്പിക്കുന്നത്,’ നാരായണസ്വാമി എന്‍.ഐ.എയോട് പറഞ്ഞു.
ഈ മാസം 21 ന് ചര്‍ച്ച നടത്താമെന്ന് അറിയിച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് തിരിച്ചിരുന്നു. പദ്ധതികള്‍ സംബന്ധിച്ച് ഏഴിനാണ് നോട്ടീസ് ലഭിച്ചതെന്നും 21ന് ചര്‍ച്ച നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും, അന്നു മാത്രമെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ സാധിയ്ക്കൂ എന്നുമാണ് ഗവര്‍ണറുടെ നിലപാട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇന്ന് തിരിച്ചെത്തിയില്ലെങ്കില്‍ സമരം തല്ക്കാലമായി നിര്‍ത്തിവച്ച് ഇരുപതാം തീയതി പുനരാരംഭിക്കാനാണ് മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല