1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015

കത്തോലിക്ക സഭയിലെ വിവാഹം റദ്ദാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയിലെ വിവാഹം റദ്ദാക്കലിനായി അവലംബിക്കുന്നത് കാലഹരണപ്പെട്ടതും കാലദൈര്‍ഘ്യമുള്ളതും ചിലവേറിയതുമാണെന്ന വിമര്‍ശനം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശക്തമായി ഉന്നയിക്കപ്പെട്ടതോടെയാണ് ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനം എടുത്തത്. വിവാഹം റദ്ദാക്കല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ അതിരൂപതകള്‍ക്കും വത്തിക്കാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവാഹം റദ്ദാക്കല്‍ വേഗത്തില്‍ നടപ്പാക്കാന്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ട്രൈബ്യൂണല്‍ സംവിധാനമൊരുക്കണമെന്ന് മാര്‍പാപ്പയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

ഉഭയകക്ഷിസമ്മതത്തോടെയുള്ള അപേക്ഷകള്‍ക്ക് ബിഷപ്പിന് നേരിട്ട് വിവാഹം റദ്ദാക്കാനുള്ള അധികാരം പുതിയ നിയമം അനുവദിച്ച് നല്‍കുന്നുണ്ട്. നിലവില്‍ പള്ളിക്കച്ചേരി മുതല്‍ വത്തിക്കാന്‍ വരെ നീണ്ടു നില്‍ക്കുന്ന സഭാകോടതികളാണ് ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്. വിവാഹ നടപടികള്‍ റദ്ദാക്കപ്പെടണമെങ്കില്‍ രണ്ട് കോടതികളുടെ അംഗീകാരവും ആവശ്യമാണ്. സഭാ കോടതിക്ക് തീരുമാനം കൈക്കൊള്ളാന്‍ കഴിയാതിരിക്കുകയോ അപ്പീല്‍ ഉണ്ടാവുകയോ ചെയ്താല്‍ തര്‍ക്കം വത്തിക്കാന്‍ വരെ നീളുന്ന സാഹചര്യമുണ്ട്.

വിവാഹം റദ്ദാക്കിയാല്‍ മാത്രമെ പുനര്‍വിവാഹം കത്തോലിക്കാ സഭ അംഗീകരിക്കുകയുള്ളു. അല്ലെങ്കില്‍ അതിനെ വ്യഭിചാരത്തിന് തുല്യമായ പാരപമായിട്ടാണ് സഭ കാണുന്നത്. നടപടികള്‍ വൈകുന്നത് മൂലം പലപ്പോഴും പുനര്‍വിവാഹം സഭയില്‍ സാധ്യമാകാതെ വരുന്നുണ്ടായിരുന്നു. പുതിയ നിയമം വരുന്നതോടെ പുനര്‍വിവാഹങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവരുമെന്നാണ് കരുതുന്നത്. സഭയിലെ വിവാഹം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം ഒരു സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സഭയില്‍നിന്ന് പുറത്താക്കപ്പെട്ട ആളുകള്‍ക്ക് കുംബസാരം നടത്തി തെറ്റുകള്‍ ഏറ്റ് പറഞ്ഞ് സഭയില്‍ തിരിച്ചെത്തുന്നതിനുള്ള നടപടിക്രമങ്ങളും മാര്‍പ്പാപ്പ ലഘൂകരിച്ച് നല്‍കിയിരുന്നു. കത്തോലിക്കാ സഭയുടെ പരമോന്നത പദവിയില്‍ എത്തിയതിന് പിന്നാലെ വിപ്ലവാത്മകമായ നടപടികളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.