1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: ചരിത്ര സംഭവമായി മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഇറാഖിലെ ഷിയ മുസ് ലിങ്ങളുടെ പരമോന്നത ആദ്ധ്യാത്മിക നേതാവായ അയത്തൊള്ള സിസ്താനിയുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിസ്താനി തന്നെയാണ് പുറത്തു വിട്ടത്.

ഇറാഖിലെ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ സുരക്ഷയെ കുറിച്ച് മാര്‍പാപ്പ സംസാരിച്ചുവെന്നും സിസ്താനി അറിയിച്ചു. “മറ്റെല്ലാ ഇറാഖി പൗരന്മാരെയും പോലെ രാജ്യത്തെ ക്രിസ്ത്യാനികള്‍ക്ക് സമാധാനത്തിലും സുരക്ഷയിലും ജീവിക്കാനാകണമെന്നും അവര്‍ക്ക് എല്ലാ ഭരണഘടനാവകാശങ്ങളും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു,“ അയത്തൊള്ള സിസ്താനി വ്യക്തമാക്കി.

മനുഷ്യ ജീവന്റെ പവിത്രതെയപ്പറ്റിയും ഇറാഖി ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും അയത്തൊള്ള സിസ്താനി കൂട്ടിച്ചേര്‍ത്തു. ഇറാഖിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് വേട്ടയാടപ്പെടുന്നവർക്കും ബലഹീനരായവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിന് അയത്തൊള്ള സിസ്താനിക്ക് നന്ദിയര്‍പ്പിക്കുന്നുവെന്ന് ചര്‍ച്ചക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ പ്രതികരിച്ചു.

2003ലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നാലെ ഇറാഖിലെ ക്രിസ്ത്യന്‍ വിഭാഗര്‍ക്ക് നേരെ വ്യാപക അതിക്രമങ്ങള്‍ നടന്നിരുന്നു. അമ്പത് മിനിറ്റോളം ചര്‍ച്ച നടത്തിയ ശേഷമാണ് ഇരു നേതാക്കളും പിരിഞ്ഞത്. ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും മാര്‍പാപ്പ ചര്‍ച്ച നടത്തി.

ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഇറാഖി കുർദിസ്ഥാൻ തലസ്ഥാനമാ‍യ ഇർബിൽ ഒരുങ്ങി. നാലു ദിവസത്തെ ഇറാഖ് സന്ദർശനത്തിടയിൽ മാർപാപ്പ ഇന്നാണ് ഇർബിലിലെത്തുന്നത്. കിർക്കൂക് റൊഡിലുള്ള ഫ്രാൻസോ ഹരീരി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്യും. സമ്മേളനത്തിൽ 10000ത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് പാപ്പ ഇറാഖിലെത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇറാഖില്‍ മാര്‍പാപ്പാ സന്ദര്‍ശനം നടത്തുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം ഫ്രാന്‍സിസ് പാപ്പ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനം കൂടിയാണ് ഇറാഖിലേത്. കൊവിഡിന്റെയും മറ്റു സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ബാഗ്ദാദില്‍ ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.