1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2017

സ്വന്തം ലേഖകന്‍: സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം. നാലു ദിവസത്തെ സന്ദര്‍ശനത്തിനയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍ എത്തിയത്. ഔദ്യോഗിക പരിപാടികള്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ മാര്‍പാപ്പ പരസ്യ പ്രതികരണം നടത്തുമോയെന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍.

കഴിഞ്ഞ ദിവസം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ ഭരണകൂടവും സഭാപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ചൊവ്വാഴ്ച തലസ്ഥാനമായ നയ്പയ്തായിലെത്തി മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സലര്‍ ഓങ് സാന്‍ സൂ ചിയുമായും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തും. യാങ്കൂണില്‍ മാര്‍പാപ്പയെ സ്വീകരിക്കാന്‍ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒട്ടേറെപ്പേരാണ് എത്തിയത്. കൊടികള്‍ വീശിയും നൃത്തം ചെയ്തും അവര്‍ ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മാര്‍പാപ്പ ബംഗ്ലദേശും സന്ദര്‍ശിക്കും.റോഹിന്‍ഗ്യന്‍ മുസ്‌ലീംകളുടെ പ്രശ്‌നത്തില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മ്യാന്‍മറിനും ബംഗ്ലദേശിനും മാര്‍പാപ്പയുടെ സന്ദര്‍ശനം ഏറെ പ്രധാന്യമുള്ളതാണ്. റോഹിന്‍ഗ്യകളുടെ വിഷയം ലോകത്തിനുമുന്നില്‍ ചര്‍ച്ച ചെയ്യാന്‍ മ്യാന്‍മറിലെ ഭരണകൂടവും സൈന്യവും വിമുഖത കാട്ടുന്നതിനാല്‍ റോഹിന്‍ഗ്യന്‍ എന്ന വാക്ക് പരാമര്‍ശിക്കാതെ ഒഴിവാക്കാന്‍ മാര്‍പാപ്പയ്ക്കുമേല്‍ സമ്മര്‍ദമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

റോഹിന്‍ഗ്യന്‍ വിഷയം മാര്‍പാപ്പ ഉന്നയിച്ചാല്‍ രാജ്യത്തെ ജനസംഖ്യയില്‍ ഒരു ശതമാനമുള്ള ക്രൈസ്തവരെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്. വിശ്വാസി സമൂഹത്തിന്റെ സുരക്ഷ അവഗണിച്ചു മാര്‍പാപ്പ വിഷയം ഉന്നയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പൗരപ്രമുഖരുമായും നയന്ത്രജ്ഞരുമായും യാങ്കൂണില്‍ മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും മ്യാന്‍മറില്‍ വച്ച് റോഹിന്‍ഗ്യകളെ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.