1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2017

സ്വന്തം ലേഖകന്‍: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് ആഹ്വാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിന ശുശ്രൂഷകളില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭയാര്‍ത്ഥികളെ സ്വന്തം പ്രദേശത്തെത്തിക്കാന്‍ ലോകത്തുള്ള 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും അവര്‍ക്ക് സംരക്ഷണം നല്‍കാനും ലോകം തയ്യാറാകണം. ബൈബിളിനെ ഉദാഹരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ജോസഫിന്റെയും മേരിയുടെയും പാതയില്‍ നിരവധി പേര്‍ സഞ്ചരിച്ചിട്ടുണ്ട്. അവരെ പോലെ നിരവധി പേര്‍ സ്വന്തം മണ്ണില്‍ നിന്നും താല്‍പര്യമില്ലാഞ്ഞിട്ടുകൂടി പാലായനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി പേരാണ് സ്വന്തമായതെല്ലാം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. അഭയാര്‍ത്ഥികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്നും മാര്‍പാപ്പ പറയുന്നു.

അധികാരം പിടിച്ചെടുക്കുന്നതിന്റെയും മറ്റും തിരക്കുകള്‍ക്കിടയില്‍ അധികാരികള്‍ അഭയാര്‍ത്ഥികളെ മറന്നുപോകുകയാണെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി. പണം വാങ്ങി മനുഷ്യകടത്ത് നടത്തുന്നതിനെയും മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. സര്‍വതും നഷ്ടപ്പെട്ട് മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നതിനിടയില്‍ മരണപ്പെട്ടവരെയും മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ ഓര്‍ത്തു.

മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കാന്‍ പതിനായിരകണക്കിന് ആളുകളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടുള്ള അഞ്ചാമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഇത്. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെയായിരുന്നു വത്തിക്കാനിലെ ക്രിസ്മസ് ആഘോഷം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.