1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2017

സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ. അവരുടെ സംസ്‌കാരങ്ങളിലും മുസ്ലിം വിശ്വാസത്തിലും ജീവിക്കാന്‍ ആഗഹിക്കുന്നു എന്ന കാരണത്താലാണ് റോഹിങ്ക്യകള്‍ ആക്രമിക്കപ്പെടുന്നത് എന്ന് തുറന്നടിച്ച മാര്‍പാപ്പ മുസ്ലിങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ക്രൂരതകളെയും അപലപിക്കുകയും ചെയ്തു.

മുസ്ലിം വിശ്വാസത്തില്‍ ജീവിക്കാന്‍ ആഗഹിക്കുന്നു എന്ന കാരണത്താലാണ് റോഹിങ്ക്യകള്‍ ആക്രമിക്കപ്പെടുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി മാര്‍പാപ്പ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.  റോഹിങ്ക്യകള്‍ക്കെതിരെയുള്ള സുരക്ഷാസേനയുടെ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ മ്യാന്‍മറിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

റോഹിങ്ക്യ മുസ്ലിങ്ങളെ സൈനിക നടപടിയിലൂടെ മ്യാന്‍മര്‍ കൂട്ടക്കൊല ചെയ്യുകയാണെന്ന യുഎന്‍ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു യുഎന്നിന്റെ വിമര്‍ശനം. കഴിഞ്ഞ ഒക്ടോബറിലാണ് വടക്കന്‍ റാഖിന്‍ സ്റ്റേറ്റിലെ റോഹിങ്ക്യകള്‍ക്കെതിരെ സൈനിക നടപടികള്‍ തുടങ്ങിയതെന്നും വംശശുദ്ധീകരണമാണ് റോഹിങ്ക്യകളെ ഉന്‍മൂലനം ചെയ്യുക എന്നതിലൂടെ മ്യാന്‍മര്‍ സൈന്യം ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അടുത്തിടെ റോഹിങ്ക്യകളുടെ ദുരന്ത ജീവിതത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ടില്‍ ഇരുന്നൂറിലധികം ദൃക്‌സാക്ഷികള്‍ തങ്ങള്‍ കണ്ട കാഴ്ചകളെക്കുറിച്ച് തുറന്നു പറഞ്ഞത് ലോകത്തെ ഞെട്ടിച്ചിരുന്നു. 43 പേജുകളിലാണ് മ്യാന്‍മാറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും നരഹത്യകളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ യുഎന്‍ പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിനുശേഷം മ്യാന്‍മറില്‍നിന്ന് 65,000 റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുണ്ടെന്നാണു കണക്ക്. ഇവരെ ജീവിക്കാന്‍ സാധ്യമല്ലാത്ത പ്രേത ദ്വീപില്‍ പുനഃരധിവസിപ്പിക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ ശ്രമവും വിവാദമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.