1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2020

സ്വന്തം ലേഖകൻ: മാര്‍പാപ്പായുടെ അംഗരംക്ഷകരായ നാല് സ്വിസ്ഗാര്‍ഡുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. വാരാന്ത്യത്തില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവരുമായി ബന്ധംപുലർത്തിയവരുടെ പരിശോധനകള്‍ തുടരുകയാണ്

സ്വിസ് ഗാര്‍ഡുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വത്തിക്കാനിലെ കൊറോണ വിരുദ്ധ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി വക്താവ് അറിയിച്ചു. എല്ലാ കാവല്‍ക്കാരും ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും മാസ്ക് ധരിക്കണമെന്ന് ബ്രൂണി അറിയിച്ചു. മാര്‍പാപ്പയുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കാന്‍ അംഗരക്ഷകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

വത്തിക്കാൻ സിറ്റിയിൽ നടന്ന പ്രത്യേക ചടങ്ങിൽ 38 പുതിയ സ്വിസ് ഗാർഡുകൾ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കുശേഷമാണ് ഈ സൈനിക വിഭാഗത്തിലെ ചിലർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരായ എല്ലാ സ്വിസ് ഗാർഡ്സിനെയും അവരവരുടെ വീടുകളിൽത്തന്നെ ക്വാറൻ്റീനിലാക്കിയിരിക്കുകയാണ്.

ഇവരുമായി ബന്ധപ്പെട്ടിരുന്നവരെയും അടുപ്പമുണ്ടായിരുന്നവരെയും പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗബാധ വ്യാപിച്ചതോടെ സ്വിസ് ഗാർഡ്സ് റജിമെന്റെൽ കർശന നിയന്ത്രണങ്ങൾ നൽകിയിട്ടുണ്ട്. ബാരക്കുകളിൽ കഴിയുമ്പോഴും മാസ്ക് ധരിക്കണമെന്ന കർശന നിർദ്ദേശം സ്വിസ് ഗാർഡ്സിന് നൽകിക്കഴിഞ്ഞു.

വൈറസ് വ്യാപനം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിൽ ഇറ്റലിയിൽ 8804 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു. 83 പേർ മരണത്തിന് കീഴടങ്ങി. ബുധനാഴ്ച 7332 പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അന്ന് 43 പേർ മരണമടഞ്ഞിരുന്നു.

തീവ്രചരിചരണ വിഭാഗത്തിൽ നിലവിൽ 586 രോഗികൾ ചികിത്സയിലുണ്ട്. 24 മണിക്കൂറിനുള്ളിൽ 1,63,000 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. പരിശോധന നടത്തുന്ന 100 പേരിൽ അഞ്ചുപേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നു എന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. ഇറ്റലിയിൽ ഇതുവരെ 36,372 പേർ കോവിഡ് വൈറസ്മൂലം മരണമടഞ്ഞിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.