1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2022

സ്വന്തം ലേഖകൻ: ജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് പിഎഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന‌ു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് സംസ്ഥാന കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.

കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു.

കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയി.

സംസ്ഥാനത്ത് പുലർച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ റെയ്‌ഡ് ആരംഭിച്ചത്. സംസ്ഥാന സമിതി ഓഫിസിലെ മുൻ അക്കൗണ്ടന്റും കസ്റ്റഡിയിലാണ്.

തൃശൂരിൽ എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിലും എൻഐഎ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ കോയ തങ്ങളെയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനെയും കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവിൽ യഹിയയുടെ വീട്ടിലെ റെയ‍ഡ് തടയാൻ എത്തിയ പ്രവർത്തകർക്കു നേരെ ലാത്തി വീശി.

രാജ്യവ്യാപകമായി ഇത്തരത്തിലുള്ള നീക്കം നടക്കുന്നത് ആദ്യമായാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകൾ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേർക്കൽ, രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾക്കായി ധനശേഖരണം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് റെയ്‌ഡെന്നാണ് വിവരമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെ‌യ്തു. കേരളം കൂടാതെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ റെയ്‌ഡ് നടത്തി.

അതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംഘടനയുടെ രാജ്യത്തെ പ്രധാന നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തതും കസ്റ്റഡിയിലെടുത്തതും ഇതിന്റെ ഭാഗമാണെന്ന് സൂചന. തൊട്ടുപിന്നലെ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എന്‍ഐഎ ഡയറക്ടറും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.