സ്വന്തം ലേഖകന്‍: പ്രശസ്ത നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം, ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാവാതെ വലഞ്ഞ് പോലീസ്. മുഖ്യ പ്രതി പള്‍സര്‍ സുനി നടിയുടെ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് വെളിപ്പെടുത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. മൊബൈല്‍ വലിച്ചെറിഞ്ഞുവെന്നാണ് സുനി പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും നിര്‍ണ്ണായക തെളിവായ ഫോണ്‍ കണ്ടെത്താനായില്ല. പ്രതികളെ മുഴുവന്‍ കസ്റ്റഡിയില്‍ കിട്ടിയതോടെ മൊബൈല്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം, സംഭവത്തിലെ പ്രതി മണികണ്ഠനെ മാപ്പുസാക്ഷിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. സംഭഴം നടന്നതായി ഇയാള്‍ വിശദീകരിച്ചാല്‍ പള്‍സര്‍ സുനിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പറയുന്ന മൊബൈള്‍ നശിപ്പിച്ചതിനുള്ള തെളിവു ലഭിച്ചാലും അത് നിര്‍ണ്ണായകമായിരിക്കും. അത് ലഭിക്കാത്തതും അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്.
സുനിയും വിജേുമായി തെറ്റിപ്പിരിഞ്ഞ മണികണ്ഠനാണ് ഇരുവരും കോയമ്പത്തൂരില്‍ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് കോയമ്പത്തൂരില്‍ പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷം കോയമ്പത്തൂരില്‍ നിന്നും സുനിയും കൂട്ടാളി വിജേഷും നേരെ എത്തിയത് വാഗമണ്ണിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഗമണ്ണില്‍ പ്രതികളുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു. സുനിയും വിജേഷും തങ്ങിയ പ്രദേശത്ത് ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും നിര്‍ണ്ണായകമെന്നു പറയാന്‍ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും കുറ്റവാളി ഏതു പ്രമുഖനായാലും കുറ്റവാളിയായിത്തന്നെ കാണുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് വഴിതിരിച്ചുവിടുന്ന തരത്തില്‍ തന്റെ ഭാഗത്തുനിന്ന് ഒരു പ്രസ്താവനയുമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പോലീസിനു പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പി.ടി. തോമസിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
നടിക്കെതിരായ അക്രമത്തിന്റെ വീഡിയോ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ നടക്കുന്ന പ്രചാരം തടയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ പരിശോധിച്ച് നടപടി എടുക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഒരു തമിഴ് ഫെയ്‌സ്ബുക്ക് പേജാണ് ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തു വന്നത്. പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സുനിത കൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമ പ്രചാരണങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുനിതാ കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് പേജിനെക്കുറിച്ച് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല