1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2017

 

സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി സൂചന, നുണ പരിശോധനക്ക് തയ്യാറല്ലെന്ന് പ്രതി പള്‍സര്‍ സുനി. കേസ് അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവായി ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അങ്കമാലിയിലുള്ള അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ മെമ്മറി കാര്‍ഡില്‍ ഉള്ളതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതയാണ് സൂചന. നടിയെ ഉപദ്രവിക്കുന്നത് സുനി നേരിട്ട് പകര്‍ത്തിയതാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദൃശ്യങ്ങള്‍ മൊബൈലില്‍നിന്ന് മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയെന്നും ഈ മെമ്മറികാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചെന്നും സുനി പൊലീസിനോട് പറഞ്ഞിരുന്നു. ഇപ്പോള്‍ കണ്ടെടുത്ത ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാകും. ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതിന്റെ നിര്‍ണായക തെളിവായി ദൃശ്യങ്ങള്‍ മാറും.
എന്നാല്‍ നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം, പള്‍സര്‍ സുനിയുടെയും വിജീഷിന്റെയും കസ്റ്റഡി കാലാവധി അഞ്ചു ദിവസംകൂടി നീട്ടി. തെളിവു ശേഖരണം പുര്‍ത്തിയായിട്ടില്ലെന്നും സുനിയെ നുണപരിശോധനയ്ക്കടക്കം വിധേയനാക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് കസ്റ്റഡി നീട്ടാന്‍ അപേക്ഷ നല്‍കിയത്.
പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും സുനി മാനസികമായും ശാരീരികമായും സന്നദ്ധനല്ലെന്നാണ് സുനിയുടെ അഭിഭാഷകന്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ അറിയിച്ചത്.

നുണപരിശോധനയ്ക്ക് പ്രതിയുടെ അനുമതി വേണമെന്ന് സുപ്രീം കോടതി വിധിയുള്ള സാഹചര്യത്തില്‍ സുനിയുടെ സമ്മതമില്ലാതെ പരിശോധനക്ക് വിധേയനാക്കാന്‍ കഴിയില്ല. സുനി മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തിലാണ് പൊലീസ് നുണപരിശോധന ആവശ്യപ്പെട്ടത്. ചിത്രം പകര്‍ത്തിയ ഫോണ്‍ നഗരത്തിലെ കാനയില്‍ ഉപേക്ഷിച്ചെന്ന് ആദ്യം പറഞ്ഞ സുനി പിന്നീട് ഗോശ്രീ പാലത്തില്‍നിന്ന് കായലിലേക്ക് എറിഞ്ഞെന്ന് മാറ്റിപ്പറഞ്ഞു. ഇതേത്തുടര്‍ന്ന് നാവികസേനയുടെ സഹായത്തോടെ കായലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.

എന്നാല്‍, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി പകര്‍ത്തി ഒന്നിലധികം കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു. സംഭവശേഷം അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ സുനി മെമ്മറി കാര്‍ഡ് ഫോണില്‍നിന്നെടുക്കാന്‍ ഒരു പിന്‍ ആവശ്യപ്പെട്ടെന്ന് സുഹൃത്തിന്റെ സഹോദരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുമ്പോള്‍ സുനി കാണിച്ചതായി കേസിലെ മറ്റൊരു പ്രതി മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ ഒന്നിലേറെ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

സുനി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കണ്ടെത്തി ഒരുവര്‍ഷത്തിനുള്ളില്‍ അതിലേക്കുവന്ന കോളുകളും സന്ദേശങ്ങളും പൊലീസ് പരിശോധിക്കും. പ്രതികള്‍ക്ക് കോയമ്പത്തൂരില്‍ ഒളിവിടമൊരുക്കിയ ചാര്‍ളിയെയും ആദ്യം പിടിയിലായ മാര്‍ട്ടിനെയും കസ്റ്റഡികാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. ഇവരെ ആലുവ സബ് ജയിലിലേക്ക് മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.