1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2022

സ്വന്തം ലേഖകൻ: ബോളിവുഡിലെ ജനപ്രിയ ഗായകനായ കെകെ (കൃഷ്ണകുമാർ കുന്നത്ത് – 53) സംഗീതപരിപാടി കഴിഞ്ഞു തൊട്ടുപിന്നാലെ മരിച്ചു. ഇന്നലെ രാത്രി കൊൽക്കത്തയി‍ലെ പരിപാടിയിൽ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

ആൽബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്‌തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖർ തുടങ്ങിയവർ അനുശോചിച്ചു.

തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണു ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. മോൺട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാൽ കോളജിലും പഠിക്കുമ്പോൾ ഹൃദിസ്ഥമാക്കിയതു കിഷോർ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങൾ.

സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായി. താമസിയാതെ ഹീറോ ഹോണ്ടയ്‌ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകൾ മൂളിസംഗീതരംഗത്തേക്കു തന്നെയെത്തി.

ആ അനുഭവത്തിന്റെ ബലത്തിലാണ് കെകെ മുംബൈയിലെത്തിയത്. 3500ൽ അധികം ജിംഗിളുകൾ (പരസ്യചിത്രഗാനങ്ങൾ). ടെലിവിഷൻ സീരിയലുകൾക്കായും പാടിയിട്ടുള്ള കെകെയുടെ ശബ്‌ദം എല്ലാ പ്രേക്ഷകർക്കും പരിചിതം. മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം….’ എന്ന ഗാനത്തോടെ കെകെയെ ഗാനലോകമറിഞ്ഞു. ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്‌സ്), ആവാര പൻ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പോപ്പുലർ ചാർട്ടുകളുടെ മുൻനിരയിലെത്തിച്ചു.

അതേസമയം കെകെയുടെ മരണം പശ്ചിമ ബംഗാളിൽ പുതിയൊരു രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ച് മമത സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്.എസ്.കെ.എം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ആശുപത്രിയിലേയും മറ്റും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

സംഭവത്തിൽ കൊൽക്കത്തയിലെ ന്യൂമാർക്കറ്റ് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് കൊൽക്കത്തയിലെ നസ്രുൽ മഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ശേഷം അവശനായി മടങ്ങുന്ന കെകെയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

പരിപാടിയിൽ പ്രതീക്ഷിച്ചതിലധികം ആൾക്കൂട്ടം ഉണ്ടായിരുന്നുവെന്നും 2400 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ അതിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ചതായുമാണ് വിവരം. അയ്യായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തതായാണ് ദൃക്സാക്ഷിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല, ഓഡിറ്റോറിയത്തിലെ എസി പ്രവർത്തിച്ചിരുന്നില്ലെന്നും ഇതുമൂലം കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നയും റിപ്പോർട്ടുകളിൽ പറയുന്നു.

കടുത്ത ചൂട് അനുഭവപ്പെട്ടതു കൊണ്ടുതന്നെ ഇടയ്ക്കിടെ കെകെ മുഖം തുടക്കുന്നത് കാണികൾ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘വല്ലാതെ ചൂടെടുക്കുന്നു’ എന്ന് കെകെ പറയുന്നതും, വേദിയിലുള്ള ഒരാളെ വിളിച്ച് എസി പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഗീത പരിപാടി കഴിഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ കൂടി വിയർത്തൊലിച്ചു നടന്നു നീങ്ങുന്നതും ബോഡിഗാർഡ് ആളുകളെ നിയന്ത്രിക്കാൻ പാടുപെടുന്നതിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് ആക്കം കൂട്ടുകയാണ്.

അസ്വസ്ഥത അനുഭവപ്പെട്ട താരം ഹോട്ടലിലെത്തിയ ശേഷം ഗോവണിപ്പടിയിൽ നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.