1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2023

സ്വന്തം ലേഖകൻ: വിദേശത്ത് ദീര്‍ഘകാലം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കാനുള്ള നിരവധി പ്രവാസികളുടെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത് വിരമിക്കുമ്പോള്‍ ലഭിച്ച സമ്പാദ്യം തിരിച്ച് കൊണ്ടുവരാനാകില്ലെന്ന നിയമമാണ്. ഇത്തരത്തില്‍ പ്രവാസികള്‍ ആശ്വാസം നല്‍കുന്ന ചില നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നത്. രാജ്യം ആതിഥേയത്വം വഹിക്കുന്ന ജി-20യുടെ ചുവടുപ്പിടിച്ച് ഈ തടസ്സം നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അതിന്റെ ആദ്യ പടിയായി ജി 20-യുടെ ട്രേഡ് യൂണിയനുകളുടെ സമിതിയായ എല്‍-20-യില്‍ ഈ ആവശ്യം ഇന്ത്യന്‍ പ്രതിനിധികള്‍ ശക്തമായി ഉന്നയിക്കുകയും അതിന് പലരാജ്യങ്ങളുടേയും പിന്തുണ ലഭിക്കുകയും ചെയ്തു.

തിരുവനന്തപുരമടക്കം വിവിധ സ്ഥലങ്ങളില്‍ നടന്ന ജി20 പ്രതിനിധികള്‍ പങ്കെടുത്ത യോഗങ്ങളില്‍, വിരമിക്കല്‍ഫണ്ട് നാട്ടിലേക്ക് കൊണ്ടുവരാനുള്ള തടസ്സം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍തൂക്കം. ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെട്ട് എല്‍-20-യുടെ അധ്യക്ഷപദവിയില്‍ ബി.എം.എസിന്റെ ദേശീയ പ്രസിഡന്റ് ഹിരണ്‍ പാണ്ഡ്യയാണ്.

ജൂണ്‍ 21, 22, 23 തീയതികളില്‍ പട്നയില്‍ നടക്കുന്ന എല്‍-20-യുടെ സമാപനസമ്മേളനത്തില്‍ തടസ്സം നീക്കാനുള്ള വ്യവസ്ഥകളുള്‍പ്പെടുത്തിയുള്ള കരട് അവതരിപ്പിക്കുമെന്നാണ് വിവരം. റഷ്യയും ചൈനയും അടക്കമുള്ള ഏതാനും രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരടങ്ങുന്ന പാനലാണ് കരട് തയ്യാറാക്കുന്നത്.

ജൂലായ് ആദ്യം ഇന്ദോറില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും തൊഴിലുടമ പ്രതിനിധികളുടെയും (ബി-20) സംയുക്തയോഗം നടക്കുന്നുണ്ട്. ഇതിലും ഈ വിഷയം ചര്‍ച്ചചെയ്യും. ജൂലായ് അവസാനം ജി-20 രാജ്യങ്ങളിലെ തൊഴില്‍മന്ത്രിമാരുടെ സമ്മേളനത്തിലും കരട് അവതരിപ്പിക്കും. സെപ്റ്റംബറില്‍ ജി-20-യുടെ സമാപനസമ്മേളനത്തില്‍ തീരുമാനമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

വിദേശത്തെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ത്തിയിരുന്നത് യൂറോപ്യന്‍ യൂണിയനായിരുന്നു. അമൃത്സറില്‍ നടന്ന യോഗത്തില്‍ ഇവരുടെ ഭാഗത്ത് നിന്നും അനുകൂലമായ ലക്ഷണങ്ങളാണ് കണ്ടതെന്ന് എല്‍-20-യുടെ സംഘാടകസമിതിയംഗം സജി നാരായണന്‍ പറയുന്നു.

വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് ചില രാജ്യങ്ങളുമായി ഇന്ത്യക്ക് കരാറുണ്ടെങ്കിലും ഇന്ത്യന്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന പ്രധാന രാജ്യങ്ങളുമായൊന്നും കരാറില്ല.

രാജ്യത്തെ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളായ യുഎഇ, യുഎസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് പല വിധത്തിലുള്ള തടസ്സങ്ങളാണ് ഉള്ളത്.

സാര്‍വത്രിക സാമൂഹിക സുരക്ഷയും ലോകമെമ്പാടും ഇത് കൈമാറ്റം ചെയ്യപ്പെടുക എന്നതും ഒരു പ്രധാന പ്രശ്‌നമാണെന്നും തൊഴിലാളി സംഘടനകള്‍ ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും എല്‍20 യോഗത്തില്‍ തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പറയുകയുണ്ടായി.

യുഎസിലും യുകെയിലുമാണ് വിരമിക്കല്‍ ആനുകൂല്യം മറ്റു രാജ്യങ്ങളിലേക്ക് കൊണ്ട് പോകുന്നതിന് ഏറെ തടസ്സങ്ങളുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ അംഗ രാജ്യങ്ങളിലേക്ക് ഈ ആനുകൂല്യം കൈമാറ്റം ചെയ്യപ്പെടുമെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയയിലും കാനഡയിലും നിശ്ചിത വര്‍ഷം ജോലി ചെയ്താല്‍ മാത്രമേ ആ പണം സ്വന്തം നാടുകളിലേക്ക് അയക്കാന്‍ കഴിയൂ.

അത്തരത്തില്‍ നിരവധി പ്രതിബന്ധങ്ങളാണ് വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കുള്ളത്. എന്നാല്‍ ഈ തടസ്സങ്ങള്‍ നീക്കുന്നതിന് പല രാജ്യങ്ങള്‍ തമ്മില്‍ കരാറുണ്ട്. ഇത്തരത്തില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറല്ലാതെ ജി20 അംഗ രാജ്യങ്ങള്‍ പൊതുവായി ഒരു കരാറിലെത്തണമെന്നാണ് എല്‍20 യിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ ആവശ്യം.

അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്‍ഡോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സികോ, കൊറിയ, റഷ്യ, സൗദി അറേബ്യ, ദക്ഷിണ ആഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി20യിലെ അംഗങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.