
സ്വന്തം ലേഖകൻ: യുഎഇയില്‍ കോഴിയിറച്ചിക്കും മുട്ടയ്ക്കും വില കൂടും. 13 ശതമാനം വരെയാണ് വില കൂടുക. വില വര്‍ധനയ്ക്ക് സാമ്പത്തിക മന്ത്രാലയം അനുമതി നല്‍കി. ആറു മാസത്തേക്കാണ് വില വര്‍ധന. സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ തീരുമാനമെടുക്കുമെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
അതിനിടെ വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ താമസക്കാർക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അനുമതിയോടെ ഇഫ്താർ വിതരണം ചെയ്യുമ്പോൾ ഭക്ഷണ വിതരണത്തിൽ ആവശ്യമായ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
അനുമതിയില്ലാതെ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഭക്ഷണം വിതരണം ചെയ്യുന്നത് അനധികൃത ചാരിറ്റി പ്രവർത്തനമായി കണക്കാക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കുള്ള ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് മൊസബ് ദാഹി പറഞ്ഞു.
ഡിപ്പാർട്ട്‌മെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഡിയോ, വിഷ്വൽ, അല്ലെങ്കിൽ പ്രിന്റ് മീഡിയ വഴി സംഭാവനകൾ ശേഖരിക്കുന്നതോ പരസ്യം ചെയ്യുന്നതോ ആയ പ്രവർത്തനങ്ങൾ നിരോധിക്കുന്ന നിയമത്തിന് കീഴിലാവും ഇഫ്ത്താർ വിതരണത്തെയും ഉൾപ്പെടുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല