1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2023

സ്വന്തം ലേഖകൻ: ക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ എങ്ങോട്ടുപോയി എന്നതില്‍ ദുരൂഹതകള്‍ തുടരുന്നു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 77.5 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ് പ്രവീണ്‍ റാണ വെളിപ്പെടുത്തിയിരുന്നത്. തൃശ്ശൂരിലെ എച്ച്ഡിഎഫ്‌സി ബാങ്കില്‍ 23 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും മൂന്നിടത്ത് സ്വന്തമായി ഭൂമിയും 41.6 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ റാണ വ്യക്തമാക്കിയിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ പാറമേക്കാവ്, കാനാടി, ഗുരുവായൂര്‍ വില്ലേജുകളായി മൂന്നിടത്ത് സ്വന്തമായി ഭൂമിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലില്‍ പാലക്കാട് 55 സെന്റ് സ്ഥലമുണ്ടെന്ന് മാത്രമാണ് റാണയുടെ കുറ്റസമ്മത മൊഴി. കേസുകള്‍ വന്നതിന് പിന്നാലെ 16 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിക്ക് കൈമാറിയതായും ഇയാള്‍ ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലും വയനാട്ടിലും രണ്ട് മണ്ഡലങ്ങളില്‍ ഒരുമിച്ചാണ് കെപി പ്രവീണ്‍ എന്ന പ്രവീണ്‍ റാണ മത്സരിച്ചിരുന്നത്. 26 ലക്ഷത്തിന്റെ കാര്‍ ലോണ്‍ മാത്രമാണ് ബാധ്യതയായി സത്യവാങ്മൂലത്തില്‍ അന്ന് രേഖപ്പെടുത്തിയിരുന്നത്. മത്സരിക്കുന്ന ഘട്ടത്തില്‍ റാണ ഒരു വഞ്ചനാക്കേസില്‍ പ്രതി കൂടിയായിരുന്നു. നിലവില്‍ റാണയ്‌ക്കെതിരേയുള്ള 30ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തൃശ്ശൂര്‍ ഈസ്റ്റ് സ്‌റ്റേഷനില്‍ തന്നെയായിരുന്നു അന്ന് വഞ്ചാനാക്കേസും രജിസ്റ്റര്‍ ചെയ്തത്.

ഈ സമയത്തുതന്നെയാണ് റാണ സിനിമ മേഖലയിലേക്ക് എത്തിയതും പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചതും. റാണയുടെ ഒരു സിനിമ സംവിധാനം ചെയ്തതും പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ധൂര്‍ത്ത് അതിദരിദ്രനാക്കിയെന്നും കൈവശം 1000 രൂപ മാത്രമേയുള്ളുവെന്നുമാണ് അറസ്റ്റിന് പിന്നാലെ റാണ പോലീസിന് നല്‍കിയ മൊഴി. ഒളവില്‍ കഴിഞ്ഞിരുന്ന സമയത്ത് പണത്തിനായി മോതിരം വിറ്റ് 25000 രൂപ സ്വരൂപിച്ചെന്നും പോലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം റാണ എന്തുചെയ്തുവെന്ന് കണ്ടെത്താന്‍ കൂടുതല്‍ മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ വിവാദ ഡാന്‍ഡ് ബാറുമായി റാണയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് എന്ന പണമിടപാട് സ്ഥാപനം വഴി 200 കോടിയോളം രൂപ റാണ തട്ടിച്ചെന്നാണ് കേസ്. ചട്ടവിരുദ്ധനിക്ഷേപ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും വഞ്ചനാക്കുറ്റവുമാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ് ഇവ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.