
സ്വന്തം ലേഖകൻ: കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി തുക അനുവദിച്ചത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിന് ഇടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്.
കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. വിവാദ കാര്‍ഷിക നിയമങ്ങക്കെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് മൂന്നു തവണയായി പിഎം-കിസാന്‍ പദ്ധതിയുടെ ഭാഗമായി അക്കൗണ്ടിലേക്കു നേരിട്ടു നല്‍കുന്നത്.
കര്‍ഷക സമരത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിലെ കര്‍ഷകര്‍ക്കു വേണ്ടി ഒരിക്കല്‍ പോലും ശബ്ദം ഉയര്‍ത്താത്തവര്‍ ഇപ്പോള്‍ പഞ്ചാബിലെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കു വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. ഇടനിലക്കാരോ കമ്മിഷനോ ഇല്ലാതെയാണ് 18,000 കോടി രൂപ നേരിട്ടു കര്‍ഷകരുടെ അക്കൗണ്ടിലേക്കു കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുക വഴി രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണു ചില പാര്‍ട്ടികളുടെ ശ്രമമെന്നും കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഎം അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കര്‍ഷകരോട് സംസാരിച്ചത്.
“വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുകയാണ്. വര്‍ഷങ്ങളായി കേരളം ഭരിക്കുന്നവര്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം ചേരുന്നു. സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാന്‍ ഒന്നും ചെയ്യുന്നില്ല. കേരളത്തില്‍ മണ്ഡികളുമില്ല. എന്നിട്ട് എന്തുകൊണ്ടാണ് അവിടെ സമരം ഇല്ലാത്തത്”? പ്രധാനമന്ത്രി ചോദിച്ചു.
ബംഗാളിലെ മമതാ ബാന്ജി സര്‍ക്കാരിനേയും അദ്ദേഹം വിമര്‍ശിച്ചു. ബംഗാളില്‍ കിസാന്‍ നിധി നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അവര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കു വേണ്ടി അവര്‍ രംഗത്തിറങ്ങിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്തത്. പാര്‍ട്ടി എം.പി.മാരും എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന കര്ഷകരിലേ ക്കെത്തിക്കാനായി പ്രവര്‍ത്തകര്‍ വലിയ സ്ക്രീനുകള്‍ പലയിടത്തും സജ്ജമാക്കിയിരുന്നു. ലഘുലേഖകളും വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയവും നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല