1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2022

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാൾസ് രാജകുമാരന്‍റെ ചാരിറ്റബിൾ ഫണ്ട് (പി.ഡബ്ല്യു.സി.എഫ്) അൽഖായിദ നേതാവ് ഉസാമ ബിൻ ലാദിന്റെ കുടുംബത്തിൽ നിന്ന് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്. ബ്രിട്ടനിലെ ‘ദ സൺഡേ ടൈംസ്’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 10 ലക്ഷം പൗണ്ട് (10 കോടിയോളം രൂപ) സംഭാവനയായി സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഉസാമ കൊല്ലപ്പെട്ട ശേഷം 2013ൽ ലാദന്‍റെ രണ്ട് അർധ സഹോദരന്മാരിൽ നിന്ന് ചാൾസ് രാജകുമാരൻ പണം സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാള്‍സ് രാജകുമാരന്‍ തന്‍റെ വസതിയായ ക്ലാരന്‍സ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ബക്കര്‍ ബിന്‍ ലാദിന്‍, ഷഫീഖ് എന്നിവരില്‍ നിന്ന് സംഭാവന സ്വീകരിച്ചു. രാജകുടുംബത്തിന്റെ ഉപദേശകരിൽ പലരും ലാദന്‍റെ ബന്ധുക്കളില്‍ നിന്ന് സംഭാവനം സ്വീകരിക്കുന്നതിനെ എതിർത്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ സംഭാവന സ്വീകരിച്ചതില്‍ ചാള്‍സിന് വ്യക്തിപരമായി പങ്കുണ്ടെന്ന ആരോപണം അദ്ദേഹത്തിന്റെ ക്ലാരൻസ് ഹൗസ് ഓഫിസ് നിഷേധിച്ചു. സംഭാവന സ്വീകരിക്കാനുള്ള തീരുമാനം പൂർണമായും ട്രസ്റ്റികളാണ് എടുത്തത്. മറ്റു റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും കൃത്യമല്ലാത്തതുമാണ്. അഞ്ച് ട്രസ്റ്റികള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.- പി.ഡബ്ല്യു.സി.എഫ് ചെയര്‍മാന്‍ ഇയാന്‍ ചെഷയര്‍ വിശദീകരിച്ചു.

2001 സെപ്തംബർ 11ലെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍റെ കുടുംബത്തില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് നല്ലതല്ലെന്ന ഉപദേശമാണ് ചാള്‍സിന് ലഭിച്ചതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്ന് കൊല്ലപ്പെട്ടവരില്‍ 67 പേര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. ഉസാമ കൊല്ലപ്പെട്ട് രണ്ടുവർഷത്തിനു ശേഷമാണ് സംഭാവന സ്വീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.