1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2020

സ്വന്തം ലേഖകൻ: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്ന് ബക്കിങാം കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇരുവരും രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു.

മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും, അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവര്‍ഷത്തോളം തന്റെ കൊച്ചുമകനും ഭാര്യയും നേരിട്ട വെല്ലുവിളികളെ താന്‍ അംഗീകരിക്കുന്നു. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും രാജ്ഞി വ്യക്തമാക്കി.

ഹാരിയും മേഗനും ഇനിമുതല്‍ രാജകീയ പദവികള്‍ ഉപയോഗിക്കില്ലെന്നും അവര്‍ ഇനിമുതല്‍ രാജകുടുംബത്തില്‍ കര്‍മ്മവ്യാപൃതരായിരിക്കില്ലെന്നും കൊട്ടാരത്തിന്റെ പ്രസ്താവനയില്‍ അറിയിച്ചു. പുതിയ തീരുമാനമനുസരിച്ച് സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍നിന്ന് ഇരുവരെയും മാറ്റിനിര്‍ത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് മാസത്തോടെ ഇത് നടപ്പില്‍വരുമെന്നും കൊട്ടാരം അറിയിച്ചു.

രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം ഇരുവരും നേരത്തെ ചെലവഴിച്ച പണം തിരിച്ചുനല്‍കും. 3.1 മില്യണ്‍ ഡോളര്‍(ഏകദേശം 22 കോടി) ആണ് ഇരുവരും തിരിച്ചടയ്ക്കുക. വിന്‍ഡ്‌സര്‍ കാസിലിന് സമീപം ഇവര്‍ താമസിച്ചിരുന്ന ഫ്രോഗ്മോര്‍ കോട്ടേജ് നവീകരിക്കുന്നതിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചിരുന്നത്.

അതേസമയം, ഹാരിയുടെയും മേഗന്റെയും കാനഡയിലെ താമസം, സുരക്ഷ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൊട്ടാരം വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. ഫ്രാഞ്ചൈസി ഫീസും റോയല്‍റ്റി തുകയും ഉള്‍പ്പെടെയുള്ളവ ഇരുവര്‍ക്കും അനുവദിക്കുമോ എന്നതിലും വ്യക്തതയില്ല.

രാജകീയ പദവികള്‍ തങ്ങള്‍ ഉപേക്ഷിക്കുമെന്ന് ഹാരി രാജകുമാരനും മേഗന്‍ മോര്‍ക്കലും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മേഗന്‍ മകന്‍ ആര്‍ച്ചിക്കൊപ്പം കാനഡയിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് രാജ്ഞിയും കൊട്ടാരവും വിഷയത്തില്‍ ഇവരുമായി ചര്‍ച്ച നടത്തിയത്. കാനഡയിലായിരുന്ന മേഗന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്തത്. കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹാരിയും കാനഡയിലേക്ക് പോകുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.