1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2023

സ്വന്തം ലേഖകൻ: ചാള്‍സ് മൂന്നാമൻ രാജാവ് തന്റെ യഥാർഥ പിതാവല്ലെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച്‌ ഹാരി രാജകുമാരൻ. തന്നെ ഇത് വര്‍ഷങ്ങളോളം വേദനിപ്പിച്ചുവെന്ന് ജൂണ്‍ ആറിന് കോടതിയിൽ നൽകിയ സാക്ഷ്യപത്രത്തില്‍ ഹാരി വ്യക്തമാക്കി. രാജകുടുംബത്തില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനായി തന്റെ പിതാവ് മേജര്‍ ജെയിംസ് ഹെവിറ്റ് ആണെന്ന് തെളിയിക്കാൻ ബ്രിട്ടീഷ് പത്രങ്ങള്‍ ശ്രമിച്ചുവെന്നും ഹാരി സാക്ഷ്യപത്രത്തില്‍ കുറ്റപ്പെടുത്തി.

തന്റെ പിതാവ് ജെയിംസ് ഹെവിറ്റ് ആണെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ജെയിംസുമായി പ്രണയത്തിലായിരുന്നെന്ന് തന്റെ മാതാവ് ഡയാന രാജകുമാരി വെളിപ്പെടുത്തിയതിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ജനിക്കുന്നതിന് മുൻപ് മാതാവ് ജെയിംസ് ഹെവിറ്റിനെ കണ്ടുമുട്ടിയിരുന്നില്ല. മാതാവ് മരിച്ച്‌ ആറുവര്‍ഷങ്ങള്‍ക്കുശേഷം തനിക്ക് പതിനെട്ട് വയസായിരിക്കെ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത് വേദനിപ്പിക്കുന്നതായിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ ക്രൂരമായിരുന്നു. പൊതുജനങ്ങളില്‍ സംശയം നിറച്ച്‌ തന്നെ രാജകുടുംബത്തില്‍ നിന്ന് പുറത്താക്കാനായിരുന്നോ പത്രങ്ങള്‍ ശ്രമിച്ചതെന്നും ചിന്തിച്ചു’- സാക്ഷ്യപത്രത്തില്‍ ഹാരി വ്യക്തമാക്കി.

താൻ അല്ല യഥാര്‍ത്ഥ പിതാവെന്ന തരത്തില്‍ ചാള്‍സ് രാജാവും ക്രൂരമായ തമാശകള്‍ പറയുമായിരുന്നെന്ന് ഓര്‍മ്മക്കുറിപ്പായ ‘സ്‌പേറില്‍’ ഹാരി പറഞ്ഞിട്ടുണ്ട്. മേജര്‍ ഹെവിറ്റിന്റെ മുടിയുടെ നിറമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ഒരു കാരണമെന്നും ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്.

ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ഹെവിറ്റും ഡയാന രാജകുമാരിയും 1986 മുതല്‍ 1991 വരെ പ്രണയബന്ധത്തിലായിരുന്നെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 1984നാണ് ഹാരി ജനിച്ചത്. 2017ല്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയായി താനല്ല ഹാരിയുടെ പിതാവെന്ന് ജെയിംസ് ഹാവിറ്റും വ്യക്തമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.