1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2021

സ്വന്തം ലേഖകൻ: ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വര വ്യവസായികളെ വിമര്‍ശിച്ച് വില്യം രാജകുമാരന്‍. ബഹിരാകാശ ടൂറിസത്തിനല്ല ഭൂമിയെ സംരക്ഷിക്കുന്നതിനാണ് അവര്‍ സമയവും പണവും നിക്ഷേപിക്കേണ്ടത് എന്ന് വില്യം പറഞ്ഞു. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ബിബിസി ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

“ഈ ഗ്രഹത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് ആവശ്യം, ജീവിക്കാന്‍ അടുത്ത സ്ഥലം തേടുന്നവരല്ല,“ അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തോളം ഉയരത്തില്‍ പോവുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം ബഹിരാകാശ ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു.

സ്റ്റാര്‍ ട്രെക്ക് എന്ന സയന്‍സ് ഫിക്ഷന്‍ പരമ്പരയിലെ താരമായ 90 വയസുകാരന്‍ വില്യം ഷാര്‍ടനെര്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ വികസിപ്പിച്ച ന്യൂ ഷെപ്പേര്‍ഡ് സ്‌പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ യാത്ര പോകുന്നതായ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് വില്യം രാജകുമാരന്റെ വിമര്‍ശനം.

ജെഫ് ബെസോസ്, റിച്ചാര്‍ഡ് ബ്രാന്‍സന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ കോടീശ്വര വ്യവസായികള്‍ ബഹിരാകാശ ടൂറിസം ഉള്‍പ്പടെയുള്ള പദ്ധതികളില്‍ ശ്രദ്ധചെലുത്തുകയാണ്. ചൊവ്വയില്‍ കോളനി നിര്‍മിക്കുന്നതുള്‍പ്പടെയുള്ള പദ്ധതികളാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ആസൂത്രണം ചെയ്തുവരുന്നത്. ബഹിരാകാശം വഴിയുള്ള ഭൂഖണ്ഡാന്തര യാത്രയും സ്‌പേസ് എക്‌സിന്റെ പദ്ധതികളിലൊന്നാണ്.

തന്റെ കുഞ്ഞുങ്ങളും ഭാവി തലമുറകളും ഈ ഭൂമിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് ഉറപ്പുവരുത്തുകയാണ് എന്റെ ആഗ്രഹം. തന്റെ മകന്‍ ജോര്‍ജിനും അവന്റെ 30ാം വയസില്‍ ഭൂമി സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ച് പറയേണ്ടി വന്നാല്‍ അത് സമ്പൂര്‍ണ ദുരന്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.