1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2022

സ്വന്തം ലേഖകൻ: ചാൾസ് രാജകുമാരനുമായുള്ള വിവാഹം മുതൽ കൂടെയുണ്ടായിരുന്ന വിവാദങ്ങൾ മരണത്തിൽ പോലും ഡയാനയെ പിന്തുടർന്നു. സ്വകാര്യ ജീവിതം ഉൾപ്പടെ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നെങ്കിലും പത്ത് വർഷത്തോളം രഹസ്യമായി സൂക്ഷിച്ച ഒരു രോഗമുണ്ടായിരുന്നു ഡയാനക്ക്. ബുളീമിയ എന്ന ഈറ്റിംഗ് ഡിസോർഡർ. 1995ൽ ബിബിസിയുടെ മാർട്ടിൻ ബഷീറുമായി നടത്തിയ അഭിമുഖത്തിലാണ് രോഗത്തെക്കുറിച്ച് ഡയാന ആദ്യമായി വെളിപ്പെടുത്തുന്നത്.

വർഷങ്ങളായി താൻ ബുളീമിയക്കടിമയായിരുന്നുവെന്നും ഇതൊരു രഹസ്യരോഗം പോലെയാണെന്നുമായിരുന്നു ഡയാനയുടെ തുറന്നുപറച്ചിൽ. 19ാം വയസ്സിലാണ് ഡയാനയിൽ ബുളീമിയ സ്ഥിരീകരിക്കുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്.

“വയറുനിറയുന്നത്രയും ഭക്ഷണം കഴിച്ച് കുറച്ചു കഴിയുമ്പോൾ തന്നെ കുറ്റബോധം തുടങ്ങും. പിന്നീടിത് ഛർദിച്ചുകളയാനുള്ള വ്യഗ്രതയാണ്. ഇത്രയൊക്കെയാണെങ്കിലും ബുളീമിയയുള്ളവർക്ക് ശരീരഭാഗം എപ്പോഴും ഒരുപോലെയായിരിക്കും. കൂടുകയോ കുറയുകയോ ഇല്ല. ആളുകൾ വിചാരിക്കും നിങ്ങൾ ഭക്ഷണം പാഴാക്കുകയാണെന്ന്. അതുകൊണ്ട് നിങ്ങൾ ആരോടും ഒന്നും പറയില്ല.ഭക്ഷണത്തിലെ ക്രമക്കേടുകൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കു പുറമേ വികാരവിചാരങ്ങളെയും രോഗം കാര്യമായി ബാധിക്കും. മറ്റാരേക്കാളും കൂടുതൽ സ്വയം വെറുക്കും”- എന്നായിരുന്നു ഡയാനയുടെ വാക്കുകൾ.

എന്താണ് ബുളീമിയ?

വളരെ ഗുരുതരമായ ഒരു ഈറ്റിംഗ് ഡിസോർഡറാണ് ബുളീമിയ നെർവോസ എന്ന ബുളീമിയ. ഈ രോഗമുള്ളവർ ഒരു ദിവസം തന്നെ അഞ്ചും ആറും തവണ ഭക്ഷണം അമിതമായി കഴിക്കും. പിന്നീട് കുറ്റംബോധം തോന്നി ഇത് മുഴുവൻ ഛർദിച്ചു കളയും. ബുളീമിയ ഉള്ളവർക്ക് വെയിറ്റ് കുറയ്ക്കാനുള്ള ആഗ്രഹം തീവ്രമായിരിക്കും. ഇതിനായി ആവശ്യത്തിലധികം വർക്കൗട്ട് ചെയ്യുന്നവരുമുണ്ട്.

ബുളീമിയയിലേക്ക് നയിക്കുന്ന യഥാർഥ കാരണങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇതിലേക്ക് നയിച്ചേക്കാവുന്ന നിരവധി കാരണങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുമുണ്ട്. ബുളീമിയ രോഗബാധിതർ പൊതുവായി പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്…

ശരീരഭാരത്തെയും ആകാരവടിവിനെയും പറ്റിയുള്ള അതിരുകടന്ന ചിന്ത

ശരീരഭാരം വർധിക്കുമോ എന്നുള്ള ഭയം

ഒറ്റത്തവണ തന്നെ ആവശ്യത്തിലധികമുളള ഭക്ഷണം കഴിക്കൽ.

കലോറി കുറയ്ക്കാൻ കഴിച്ച ഭക്ഷണമത്രയും ഛർദിച്ചു കളയുക

കടുത്ത ഡയറ്റുകളും വ്യായാമമുറകളും പിന്തുടരുക

ശരീരഭാരം കുറയ്ക്കാൻ മരുന്നുകളും സപ്ലിമെന്റുകളും പതിവായി ഉപയോഗിക്കുക

ശരീരത്തെ ബാധിക്കുന്നത് പോലെ തന്നെ മനസ്സിനെയും കാര്യമായി ബാധിക്കുന്ന രോഗമാണ് ബുളീമിയ. അതുകൊണ്ട് തന്നെ മാനസികാരോഗ്യത്തിനും രോഗമുള്ള കാലയളവിൽ പ്രാധാന്യം കൊടുക്കണം. ആത്മവിശ്വാസം നഷ്ടപ്പെടൽ, ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ,വിഷാദം, കടുത്ത ഉത്കണ്ഠ എന്നിവയൊക്കെ രോഗബാധിതരെ അലട്ടാം. ഹൃദയംബന്ധമായ അസുങ്ങളും ദഹനപ്രശ്‌നങ്ങളും ബുളീമിയ ബാധിതരിൽ കണ്ടുവരുന്നുണ്ട്. സ്വയം പരിക്കേൽപ്പിക്കാനുള്ള പ്രവണതയും രോഗബാധിതരിൽ കൂടുതലാണ്. ഇതുകൊണ്ട് തന്നെ മദ്യത്തിനും മയക്കുമരുന്നിനും രോഗബാധിതർ അടിമപ്പെടാനും വലിയ സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.