1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2023

സ്വന്തം ലേഖകൻ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ പുതുതായി നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ തടവറയിലേക്ക് തടവുകാരെ മാറ്റിത്തുടങ്ങി. ആദ്യഘട്ടമായി 2000 തടവുകാരെയാണ് എത്തിച്ചത്. എൽ സാൽവഡോറിലെ ടെകോളൂക്കയിലെ പുതിയ ടെററിസം കൺഫൈൻമെന്‍റ് സെന്‍ററില്‍ 60,000 തടവുകാരെ വരെ പാർപ്പിക്കാം. ഘട്ടംഘട്ടമായി 40000 തടവുകാരെ മറ്റു ജയിലുകളിൽനിന്ന് ഇവിടേക്ക് മാറ്റാനാണ് തീരുമാനം. 166 ഹെക്ടറിലാണ് (410 ഏക്കർ) പുതിയ ജയില്‍ സ്ഥിതി ചെയ്യുന്നത്.

600 സൈനികരും 250 പൊലീസുകാരുമടങ്ങിയ ഉദ്യോഗസ്ഥരുടെ കാവൽ ഇവിടെയുണ്ട്. മൊബൈൽ ഫോൺ ആശയവിനിമയം തടയാൻ ജാമർ സ്ഥപിച്ചിട്ടുണ്ട്. നേരത്തെ ഇസ്താംബുൾ ആസ്ഥാനമായുള്ള സിലിവ്രി പെനിറ്റൻഷ്യറിക്കായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ജയിൽ എന്ന പദവി. കുറ്റവാളികളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ എൽ സാൽവദോറിലെ ജയിലുകൾ നിറഞ്ഞുകവിഞ്ഞിരുന്നു.

10000 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ലാ എസ്‌പെരാൻസയിൽ 33,000 തടവുകാരെയാണ് പാർപ്പിച്ചിരുന്നത്. കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് നയിബ് ബുകെലെ പ്രഖ്യാപിച്ച ഗുണ്ടാവിരുദ്ധ നടപടികളുടെ ഭാഗമായി തടവുകാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി.

ഏഴുമാസത്തിനിടെ പൊലീസും സൈന്യവും അറസ്റ്റ് ചെയ്തത് 62000ത്തിലധികം പേരെയാണ്. കവിഞ്ഞ അവസ്ഥ ജയിലുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അത് പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് വലിയ ജയിൽ നിർമിക്കാൻ തീരുമാനിച്ചത്.

മയക്കുമരുന്ന് കടത്ത്, ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം കാരണം പൊറുതിമുട്ടിയിരുന്ന രാജ്യമായിരുന്നു എൽ സാൽവദോർ. പ്രസിഡന്റിന്റെ ഗുണ്ടാവിരുദ്ധ കാമ്പയിന് വൻ ജനപിന്തുണയാണ് ലഭിച്ചത്. അതേസമയം, നിരപരാധികളെയും കസ്റ്റഡിയിലെടുത്തതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.