1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2017

സ്വന്തം ലേഖകന്‍: സ്വകാര്യത പൗരന്മാരുടെ മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. എല്ലാ കാര്യങ്ങളും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ആധാറിന്റെ ഭരണഘടനാ സാധുതയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് മുന്നോടിയായാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് കോടതി പരിശോധിക്കുന്നത്. സ്വകാര്യത മൗലികാവകാശമല്ലെന്ന 55 വര്‍ഷം മുന്‍പത്തെ വിധിയാണ് സുപ്രീം കോടതി പുന:പരിശോധിക്കുന്നത്. ആധാര്‍ കേസുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങളില്‍ ഇന്നും വാദം തുടരും.

സ്വകാര്യത മൗലികാവകാശമാണെന്ന വാദത്തോട് ഭാഗികമായി യോജിച്ചായിരുന്നു ജഡ്ജിമാരുടെ നിരീക്ഷങ്ങള്‍. സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നിറവേറ്റാനാകില്ലെന്ന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു. സ്വകാര്യത അവകാശമല്ലെന്ന് വന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അടക്കം അവകാശങ്ങളെ ബാധിക്കുമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. എഴുതപ്പെട്ട ഭരണഘടയുള്ള പരമാധികാര രാജ്യത്ത് സ്വകാര്യതയ്ക്ക് അവകാശം ഇല്ലെന്ന വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം സ്വകാര്യതയ്ക്കുള്ള അവകാശം അതിരുകളില്ലാത്ത അവകാശമല്ലെന്ന് വാദം പൂര്‍ത്തിയാകും മുന്‍പ് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വകാര്യത മൗലിക അവകാശമാണെന്ന് കോടതി കണ്ടെത്തിയാല്‍ സ്വവര്‍ഗ വിവാഹം നിയമ വിധേയമല്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

സ്വകാര്യതയ്ക്കുള്ള അവകാശം സര്‍ക്കാരിന്റെ ആനുകൂല്യമല്ലെന്ന് ആധാറിനെ എതിര്‍ക്കുന്നവര്‍ക്ക് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യവും സോളി സൊറാബ്ജിയും വാദിച്ചു. സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ടതല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സവിശേഷ അവകാശമായ സ്വാതന്ത്രത്തിന്റെ പ്രധാന ഘടകമാണിത്. ഭരണഘടനയുടെ ആത്മാവും ഹൃദയവുമാണ് സ്വകാര്യത. സ്വകാര്യതക്കുള്ള അവകാശം ഭരണഘടനയിലില്ലെന്നും ജീവിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ആധാറിനെ എതിര്‍ക്കുന്ന ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ വാദം പൂര്‍ത്തിയായശേഷം കേന്ദ്രത്തിന്റെ മറുപടി വാദം നടക്കും.

1954ല്‍ എം.പി. ശര്‍മ്മ കേസിലും 1962ല്‍ ഖരഖ് സിംഗ് കേസിലും സ്വകാര്യത മൗലികാവകാശമല്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍ ഈ വിധികളെ പൊതുവത്കരിക്കാന്‍ കഴിയില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, എസ്.എ. ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, റോഹിംഗ്ടണ്‍ ഫാലി നരിമാന്‍, അഭയ് മനോഹര്‍ സപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിരാണ് അംഗങ്ങള്‍. ആധാറിന്റെ ഭരണഘടനാ സാധുത അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിശോധിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.