സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ പ്രിയങ്ക ഗാന്ധി തരംഗം; ആ നില്‍പ്പും നടപ്പും ഇന്ദിരാ ഗാന്ധി തന്നെയെന്ന് വിശേഷണം; ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധന. സജീവ രാഷ്ട്രീയത്തിലേക്ക് എന്ന പ്രഖ്യാപനം വന്നദിവസം മാത്രം ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്ക ഗാന്ധിയെ പതിനായിരം പേരാണ് കൂടുതലായി പിന്തുടരാന്‍ തുടങ്ങിയത്.
പ്രിയങ്കയുടെ ഇഷ്ടങ്ങളും വേഷവിധാനവും ജീവിതവും തിരഞ്ഞ് ഗൂഗിളില്‍ കയറിയവരുടെ എണ്ണവും അമ്പരപ്പിക്കുന്നതാണ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഔദ്യോഗിക പേജ് ഇല്ലാത്ത പ്രിയങ്കഗാന്ധിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് ഔദ്യോഗിക അക്കൗണ്ടുള്ളത്. 2016ലാണ് പ്രിയങ്ക ഇന്‍സ്റ്റാ ഗ്രാമില്‍ ചേര്‍ന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, ദൂസരി(രണ്ടാം) ഇന്ദിര, ഇന്ത്യന്‍ ഉരുക്കുവനിതയുടെ പകര്‍പ്പ്, നേതാ പ്രിയങ്ക എന്നിങ്ങനെ പോകുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രിയങ്കയുടെ വിശേഷണം.
ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനമെന്ന അടിക്കുറിപ്പോടെ വരവേറ്റവരെല്ലാം തന്നെ പ്രിയങ്കയെ ഇന്ദിരയോട് ഉപമിക്കാനാണ് ശ്രമിച്ചത്. ഇന്ദിരാ ഗാന്ധിയുടെ നിശ്ചയദാര്‍ഡ്യവും സോണിയാ ഗാന്ധിയുടെ പ്രസരിപ്പും ഉള്ള പ്രിയങ്കയുടെ പുഞ്ചിരിക്കുന്ന മുഖം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ തീര്‍ക്കുമെന്നാണ് വിലയിരുത്തല്‍.
രാഷ്ട്രീയ വീക്ഷണം വരച്ചു കാട്ടുന്ന പുസ്തകം മാര്‍ച്ചോടെ പുറത്തിറക്കാനിരിക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം. 300 പേജുള്ള ‘എഗെന്‍സ്റ്റ് ഔട്ട്‌റേജ്’ എന്ന പുസ്തകത്തെക്കുറിച്ച് ഇതോടെ ആകാംക്ഷ ഏറിയിരിക്കുകയാണ്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിനെതിരെ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് ആവശ്യം. വാരണാസിയിലെങ്ങും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
പ്രിയങ്കയെ ഞങ്ങള്‍ക്കുവേണം എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ആവശ്യമുന്നയിച്ച് വാരണാസിയില്‍ പ്രകടനം നടത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല