1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2016

സ്വന്തം ലേഖകന്‍: പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിന് എതിരെ നിയമം, പ്രതിഷേധവുമായി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം. പോളണ്ടിലെ അറുപത് നഗരങ്ങളില്‍ സ്ത്രീകള്‍ കറുത്ത വസ്ത്രമറിഞ്ഞ് പടുകൂറ്റന്‍ റാലി നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വനിതകള്‍ വീട്, ഓഫീസ്, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലായിടത്തും ബഹിഷ്‌കരണത്തിന്റെ പാതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് പോളിഷ് സര്‍ക്കാര്‍ തയ്യാറാക്കുന്ന നിയമ പരിഷ്‌കാരമാണ് പ്രതിഷേധം കത്തിപ്പടരാന്‍ കാരണം. ബലാത്സംഗം, വ്യഭിചാരം, സ്ത്രീയുടെയും കുട്ടിയുടെയും ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ തുടങ്ങിയ കാര്യങ്ങളില്‍ അല്ലാതെ ഗര്‍ഭഛിദ്രം അനുവദിക്കാതിരിക്കാനും നിയമം ലംഘിച്ചാല്‍ ഗര്‍ഭഛിദ്രത്തിന് മുതിരുന്ന സ്ത്രീകളെയും ചെയ്തു കൊടുക്കുന്ന ഡോക്ടറേയും അഞ്ചു വര്‍ഷം വരെ തടവില്‍ ഇടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

വാഴ്‌സോവിലെ ലോ ആന്റ് ജസ്റ്റിസ് പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനായി എത്തിയത് 30,000 സ്ത്രീകളായിരുന്നു. ‘ഞങ്ങള്‍ക്ക് വേണ്ടത് ഡോക്ടര്‍മാരെ ആണെന്നും പാതിരികളെ അല്ലെന്നും മുദ്രാവാക്യം മുഴക്കിയെത്തിയ സ്ത്രീകള്‍ പിഐഎസ് നേതാവ് യാറോസ്‌ളാ കാസിന്‍സ്‌കിക്കെതിരേയും രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചു.

സ്ത്രീകള്‍ ഇന്‍കുബേറ്ററുകള്‍ അല്ലെന്നും തന്റെ ശരീരത്തില്‍ തനിക്കാണ് അധികാരമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. കറുത്ത തിങ്കള്‍ എന്നതിനെ സൂചിപ്പിക്കുന്ന സാര്‍നി പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചരണം നടത്തിയ പ്രതിഷേധം പൊസ്‌നാന്‍, റോക്‌ളോ, സെസിന്‍, ഡാന്‍സ്‌ക് തുടങ്ങി പോളണ്ടിലെ പ്രധാന നഗരങ്ങളിലെല്ലാം പടര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.