1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2018

സ്വന്തം ലേഖകന്‍: 30 ബലാത്സംഗം, 15 കൊലപാതകം; അവസാനം ആത്മഹത്യയും! കുപ്രസിദ്ധ പരമ്പര കൊലയാളി എം.ജയശങ്കറിന്റെ ജീവിതവും മരണവും. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കഴുത്തിലെ ഞരമ്പ് മുറിച്ച നിലയില്‍ ജയശങ്കറിനെ സഹതടവുകാര്‍ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ ഇയാളെ വളരെവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയശങ്കറിന്റെ മരണത്തോടെ നാടിനെ നടുക്കിയ കൊലപാതക പരമ്പരയുടെ ഒരധ്യായമാണ് അവസാനിച്ചിരിക്കുന്നത്.

ട്രക്ക് ഡ്രൈവറായി ജീവിതം തുടങ്ങി കൊടുംകുറ്റവാളിയിലെത്തിയ കഥയാണ് ജയശങ്കറിന്റേത്. പോലീസ് രേഖകള്‍ പ്രകാരം 2008ലാണ് ഇയാള്‍ ആദ്യം കൃത്യം നടത്തിയത്. കയ്യിലെപ്പോഴും കൊണ്ടുനടക്കുന്ന വെട്ടുകത്തി ഉപയോഗിച്ച് ഉപദ്രവത്തെ ചെറുക്കുന്നവരെ കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്. പെരന്ദഹള്ളിയില്‍ നാല്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതോടെയാണ് ഇയാളുടെ പേര് പോലീസ് രേഖകളിലെത്തുന്നത്. 2009 ജൂലൈയിലായിരുന്നു അത്.

ഒരു വര്‍ഷത്തിനകം തമിഴ്‌നാട്,കര്‍ണാടക,ആന്ധ്രാ എന്നിവിടങ്ങളിലായി 12 പേരെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അക്കാലയളവില്‍ 6 പേരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. ദേശീയപാതകളില്‍ പതിയിരുന്ന് ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്. ഗ്രാമീണമേഖലകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെയും ഇയാള്‍ ആക്രമിച്ചു.

2009 ഓഗസ്റ്റില്‍ പോലീസ് കോണ്‍സ്റ്റബിളായ ജയമണിയെ ക്രൂരമായി കൊലപ്പെടുത്തിയതോടെ ജയശങ്കര്‍ പോലീസുകാരുടെ കരിംപട്ടികയില്‍ ഇടം പിടിച്ചു. തിരുപ്പൂര്‍ പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ അതേ വര്‍ഷം ഒക്ടോബറില്‍ ഇയാള്‍ പോലീസ് പിടിയിലായി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെ 2011 മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴി ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

കര്‍ണാടകയിലേക്ക് രക്ഷപെട്ട ഇയാള്‍ അടുത്ത ഒരുമാസത്തിനകം 6ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നു. ഇക്കാലയളവില്‍ ഒരു പുരുഷനും കുട്ടിയും ഇയാളുടെ കൊലക്കത്തിക്കിരയായി. 2011 മെയ് മാസം ജയശങ്കര്‍ വീണ്ടും പോലീസ് പിടിയലായി. തുടര്‍ന്ന് ഇയാള്‍ക്ക് 27 വര്‍ഷം തടവ് ലഭിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ തടവിലായ ഇയാള്‍ 2013ല്‍ മുളങ്കമ്പ് ഉപയോഗിച്ച് മതില്‍ ചാടിക്കടന്ന് വീണ്ടും രക്ഷപെട്ടു. 11 ജയില്‍ ജീവനക്കാര്‍ സസ്‌പെന്‍ഷനിലുമായി.

മതില്‍ ചാടുമ്പോള്‍ കാലിനേറ്റ പരിക്ക് ഇയാളെ വീണ്ടും പോലീസിന്റെ പിടിയിലെത്തിച്ചു. നഗരം വിട്ടു പോവാന്‍ കഴിയാഞ്ഞതുകൊണ്ടാണ് പോലീസിന് അതിവേഗം ഇയാളെ പിടികൂടാനായത്. തുടര്‍ന്ന് ഈ മാസം 25നും ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇയാളെ ഏകാന്ത തടവിലാക്കിയിരിക്കുകയായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.