1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2017

സ്വന്തം ലേഖകന്‍: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുകെയിലെ പൊതുമേഖലാ തൊഴിലാളികളുടെ ശരാശരി വരുമാനം 6% കുറഞ്ഞു, അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും തിരിച്ചടി. അധ്യാപകര്‍ക്ക് ശരാശരി ഒരു മണിക്കൂറിന് 3 പൗണ്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മണിക്കൂറിന് 2 പൗണ്ടും വരുമാനത്തില്‍ കുറവുണ്ടായപ്പോള്‍ നഴ്‌സുമാരുടെ വേതനം ഒരു ദശകത്തോളമായി പൊതുമേഖലാ ശമ്പള ക്ഷാമത്തിന്റെ പിടിയിലമര്‍ന്ന് മാറ്റമില്ലാതെ തുടരുകയാണ്. സര്‍ക്കാരിന്റെ ശമ്പള ഉപദേശകര്‍ക്കുള്ള പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍.

ഇതോടെ തെരേസ മേയും ചാന്‍സലര്‍ ഫിലിപ്പ് ഹമ്മോന്‍ഡും അടുത്തു നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഏഴു വര്‍ഷമായി പൊതുമേഖലാ ശമ്പളം തടയുന്ന സര്‍ക്കാര്‍ നയത്തിനെതിരെ സഹപ്രവര്‍ത്തകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരും. പൊതുമേഖലാ ശമ്പള പരിഷ്‌കരണത്തില്‍ സ്വതന്ത്ര ഏജസികളുടെ ശുപാര്‍ശകളെ പിന്തുണക്കുന്ന റിപ്പോര്‍ട്ട് മന്‍സവര്‍ എക്കണോമിക്‌സ് ഓഫീസാണ് തയ്യാറാക്കിയത്.

2005 നും 2015 നും ഇടയ്ക്ക് യുകെയിലെ തൊഴിലാളികളുടെ ശരാശരി വരുമാനം 6% കുറഞ്ഞതായും ചില മേഖലകളിലെ വേതനം മറ്റു മേഖലകളേക്കാല്‍ മോശം നിലയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഠിനാധ്വാനമുള്ള പൊതുമേഖലാ തൊഴിലുകളെ സംബന്ധിച്ചിടത്തോളം തൊഴിലാളികളുടെ വേതനക്കാര്യത്തിലുള്ള കടുത്ത യാഥാര്‍ഥ്യത്തിനും തട്ടിപ്പിനും വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി ലേബര്‍ പാര്‍ട്ടി പറഞ്ഞു. സ്വകാര്യമേഖലയില്‍ നിന്നും വ്യത്യസ്തമായി അവരുടെ വരുമാനം തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണെന്നെതാണ് ഇതിനു കാരണമെന്നും ലേബര്‍ വ്യക്തമാക്കി.

2005 നും 2015 നും ഇടയില്‍ പൊതുമേഖലയില്‍ തൊഴിലാളികളുടെ ശരാശരി വരുമാനത്തില്‍ ഒരു മണിക്കൂറിന് 3% കുറവുണ്ടായി. ഒരു മണിക്കൂറിന് മുകളിലുള്ള ശരാശരി ശമ്പളം 6 ശതമാനം കുറഞ്ഞു. 2010 ഓടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷക്കരണത്തില്‍ വിലക്കേര്‍പ്പെടുത്തിയ ജോര്‍ജ് ഓസ്‌ബോണിന്റെ നയം പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മിഡ്വൈഫുമാര്‍, റേഡിയോഗ്രാഫര്‍മാര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ ഒരു മണിക്കൂറിലെ ശരാശരി വരുമാനത്തെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബോറിസ് ജോണ്‍സണ്‍, ജെറെമി ഹണ്ട്, ജസ്റ്റിന്‍ ഗ്രീന്റിംഗ്, മൈക്കിള്‍ ഗോവ് എന്നിവരടങ്ങുന്ന മന്ത്രിസഭാ അംഗങ്ങള്‍ ചൊവ്വാഴ്ച രാവിലെ ചേരാനിരിക്കുന്ന കേന്ദ്രമന്ത്രിസഭയുടെ യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നാണ് സൂചന. ശമ്പള പരിഷ്‌ക്കരണം ഉടന്‍ പുനര്‍പരിശോധന നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.