1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2019

സ്വന്തം ലേഖകന്‍: പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ്; ഏഴ് പേര്‍ അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ദേശീയ സുരക്ഷാ ഏജന്‍സികള്‍; സുരക്ഷാ വീഴ്ച ചര്‍ച്ചയാകുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ പുല്‍വാമ ജില്ലയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 80 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പുല്‍വാമ, അവന്തിപോര എന്നി പ്രദേശങ്ങളില്‍ നിന്നാണ് ഏഴുപേരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ട് യുവാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തവരാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായ ആസൂത്രണം പാകിസ്താനില്‍ നിന്നുള്ള ജയ്‌ഷെ മുഹമ്മദ് നേതാവായ കമ്‌റാന്‍ ആണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം ആക്രമണം നടത്തിയ പുല്‍വാമ ജില്ലയിലെ കകപോര സ്വദേശിയായ ആദില്‍ അഹമ്മദ് 2018 ലാണ് ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്.

സൗത്ത് കശ്മീരിലെ മിദൂര മേഖലയിലാണ് ആക്രമണത്തിന്റെ ആസൂത്രണം നടന്നതെന്ന് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള പ്രദേശത്ത് താമസിക്കുന്ന ആള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ഉയര്‍ന്ന ഗ്രെയിഡുള്ള 80 കിലോ ആര്‍ഡിഎക്‌സുമായി വന്ന വാഹനം എച്ച്ആര്‍ 49 എഫ് 0637 എന്ന ബസിന്റെ ഇടത്ത് വശത്തേക്ക് അതിശക്തമായി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അതിഭീകരമായ സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് വ്യത്തങ്ങള്‍ വിശദീകരിക്കുന്നു.

അതേസമയം, ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും ടീമുകള്‍ കശ്മീരിലെത്തി. പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ച് ഇതിനകം സംഘങ്ങള്‍ അന്വേഷണം തുടങ്ങി. സുരക്ഷാ വീഴ്ചകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. അന്വേഷണ ഏജന്‍സികള്‍ പുല്‍വാമയിലെത്തി എന്‍ഐഎയുടെയും എന്‍എസ്ജിയുടെയും സംഘങ്ങള്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദമായി പഠിക്കും.

സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ നിഗമനം. മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെയുണ്ടായ എറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയിലുണ്ടായത്. ഇതിനിടാക്കിയ വീഴ്ചകളും സുരക്ഷാപരമായ പഴുതുകളും കണ്ടെത്തിയില്ലെങ്കില്‍ ഭാവിയില്‍ സമാന ആക്രമണങ്ങള്‍ അരങ്ങേറുമെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും ടീമുകള്‍ കശ്മീരിലെത്തിയിരിക്കുന്നത്. ഇവര്‍ ഉത്തരം തേടുന്ന പ്രധാന ചോദ്യങ്ങല്‍ ഇവയാണ്. പുല്‍വാമ ആക്രമണത്തിന് രണ്ട ദിവസം മുമ്പ് ജെയ്‌ഷെ മുഹമ്മദ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കാര്‍ ബോംബ് ആക്രമണത്തിന്റെ വീഡിയോ ആയിരുന്നു ഇത്.

സമാനമായി ആക്രമണം കശ്മീരില്‍ ഉണ്ടാകുമെന്ന് വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കശ്മീര്‍ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഈ വീഡിയോ വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടും എന്ത് കൊണ്ട് മുന്‍കരുതല്‍ നടപടികഴ്! സ്വീകിരിച്ചില്ല എന്നതാണ് പ്രധാന ചോദ്യം. വന്‍ തോതില്‍ സൈനികരെ കൊണ്ടു പോകുമ്പോള്‍ വിമാനമോ ഹെലികോപ്റ്ററോ ഉപയോഗിക്കാറാണ് പതിവ്.

സുരക്ഷാ ചട്ടങ്ങള്‍ നിഷ്‌കര്‍ശിക്കുന്നതും അത് തന്നെ. പിന്നെ എന്ത് കൊണ്ട് 2,500 സൈനികരെ ബസുകളില്‍ കൊണ്ടുപോയി. 60 കിലോ ആര്‍ഡിഎക്‌സ് നിറച്ച് വാഹനവുമായാണ് അദില്‍ അഹമ്മദ് ധര്‍ എന്ന ചാവേര്‍ എത്തിയത്. സ്‌ഫോടനം നടന്നതിന് 10 കിലോമീറ്റര്‍ അകലെ മാത്രമാണ് അദിലിന!്‌റെ വീട്. ഇത്രയും സ്‌ഫോടവസ്തു എങ്ങിനെ ശേഖരിക്കാനായി, ആരാണ് ഇതിന് സഹായിച്ചത്, ആരുടെയും കണ്ണില്‍പ്പെടാതെ എങ്ങനെ ഇത്രം ദൂരം പിന്നിട്ട് വാഹനം ദേശീയപാതയിലെത്തി.

സ്‌ഫോടനത്തില്‍ രണ്ട് ബസുകളാണ് തകര്‍ന്നത്. വാഹന വ്യൂഹം പോകുമ്പോള്‍ ഓരോ വാഹനവും തമ്മില്‍ നിശ്ചിത അകലം പാലിക്കണം എന്നാണ് ചട്ടം. ആക്രമണം ഉണ്ടായാല്‍ നാശനഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം. എന്ത് കൊണ്ട് ഇതില്‍ പിഴവ് സംഭവിച്ചു. വാഹനവ്യൂഹം കടന്നുപോകുന്നതിന് മുമ്പ് ദേശീയ പാതയില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നുവെന്ന് അധികൃതര്‍ ന്യായികരിക്കുന്നു.

അങ്ങനെയെങ്കില്‍ സര്‍വീസ് റോഡ് വഴി മനുഷ്യബോംബിന് എങ്ങനെ ദേശീയ പാതയില്‍ എത്താന്‍ കഴിഞ്ഞു എന്നിങ്ങനെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുകയാണ് അന്വേഷണ സംഘങ്ങളുടെ ലക്ഷ്യം. ഇനിയുള്ള ദിവസങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തന്‍ കഴിയുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.

അതേസമയം, വീരമൃത്യു വരിച്ച 40 സൈനികരുടെ മൃതദേഹങ്ങള്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചു. സൈന്യത്തിന്റെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍,കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ വിങ് റാഥോഡ്, സേനാ മേധാവികള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.