
സ്വന്തം ലേഖകൻ: പാശ്ചാത്യൻ രാജ്യങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. ആണവായുധ ഭീഷണി ഇനിയും തുടരുകയാണെങ്കിൽ അതിനെ ശക്തമായിത്തന്നെ പ്രതിരോധിക്കുമെന്ന് റഷ്യ വ്യക്തമാക്കി.
‘രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാവുകയാണെങ്കിൽ, ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി ലഭ്യമാകുന്ന എല്ലാ മാർഗ്ഗങ്ങളും ഞങ്ങൾ ഉപയോഗിക്കും. ഇത് വീരവാദം പറയുന്നതല്ല” ടെലിവിഷനിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് പുതിൻ പറഞ്ഞു. തിരിച്ചടിക്കാൻ റഷ്യയുടെ പക്കൽ നിരവധി ആയുധങ്ങൾ ഉണ്ടെന്ന് ഓര്‍ക്കണം. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി റഷ്യ വെറുതെ ബ്ലാക്ക്‌മെയിലിങ്ങിനായി പറയുന്നതാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കുള്ള മറുപടിയായാണ് പുതിന്‍ ഇത് പറഞ്ഞത്.
“നിലവിൽ റഷ്യയെ സംരക്ഷിക്കാൻ വേണ്ടി 20 ലക്ഷം വരുന്ന ശക്തമായ ഒരു സൈന്യമുണ്ട്. യുക്രൈനില്‍ സമാധാനമല്ല പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആവശ്യം. അവര്‍ക്ക് റഷ്യയെ തകര്‍ക്കണം എന്ന ലക്ഷ്യമേയുള്ളൂവെന്നും പുതിന്‍ കുറ്റപ്പെടുത്തി.
റിസര്‍വ് സൈനികരായി സജ്ജരാക്കിയവരെ കൂടി യുദ്ധരംഗത്ത് വിന്യസിക്കാനുള്ള ഉത്തരവും പുതിന്‍ നല്‍കിക്കഴിഞ്ഞു. സൈനിക പരിചയമുള്ളവരേയും നിലവില്‍ സൈന്യത്തിന്റെ ഭാഗമല്ലാത്ത വിരമിച്ചവരെ അടക്കം സൈനിക സേവനത്തിനായി നിയോഗിച്ചിരിക്കുകയാണ്.
റിസര്‍വായി സജ്ജരാക്കിയ 3 ലക്ഷം പേര്‍ കൂടി യുദ്ധമുന്നണിയില്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഉക്രൈനുമായുള്ള യുദ്ധത്തിൽ ഇതുവരെ 5937 സൈനികരെ നഷ്ടപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു അറിയിച്ചു.
നിർബന്ധിത സൈനിക സേവനം വന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂട്ടത്തോടെ രാജ്യം വിടാൻ റഷ്യക്കാർ. റഷ്യയിൽനിന്ന് വിദേശ രാഷ്ട്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം ഒറ്റ ദിവസത്തിനുള്ളിൽ വിറ്റുതീർന്നു. അർമീനിയ, ജോർജിയ, അസർബൈജാൻ, കസാഖിസ്താൻ എന്നിവിടങ്ങളിലേക്കുള്ള വൺവേ ടിക്കറ്റുകളാണ് വിറ്റവയെല്ലാം. ബഹുഭൂരിപക്ഷവും തിരിച്ച് ടിക്കറ്റെടുത്തിട്ടില്ല.
ശനിയാഴ്ച വരെ ഇസ്താംബൂളിലേക്കുള്ള എല്ലാ ടിക്കറ്റുകളും ബുക്കു ചെയ്യപ്പെട്ടതായി തുർക്കിഷ് എയർലൈൻസ് വെളിപ്പെടുത്തി. അതിനിടെ, 18നും 65നും ഇടയിലുള്ള പൗരന്മാർക്ക് വിമാനടിക്കറ്റ് നൽകരുതെന്ന് ഗവൺമെന്റ് ആവശ്യപ്പെട്ടതായി നിരവധി മാധ്യമ പ്രവർത്തകർ ട്വീറ്റു ചെയ്തു. ഹൗ ടു ലീവ് റഷ്യ (എങ്ങനെ റഷ്യ വിടാം) എന്ന കീവേഡ് ഗൂഗ്‌ളിൽ ടോപ് ട്രൻഡിങ്ങായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല