
സ്വന്തം ലേഖകൻ: വ്ലാഡിമിർ പുടിൻ ഒരു കൊലയാളിയാണെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്നു ചാനൽ അഭിമുഖത്തിൽ മറുപടി നൽകിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി റഷ്യ. അമേരിക്കയുടെ പണ്ടത്തെയും ഇപ്പോഴത്തെയും എല്ലാ പ്രശ്നങ്ങളും ബൈഡന്റെ മറുപടിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണു റഷ്യൻ പ്രസിഡന്റ് പുടിൻ പ്രതികരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ‘സുഖം പ്രാപിക്കാൻ’ ആശംസിക്കുന്നെന്നും പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ വീണ്ടും ജയിപ്പിക്കാൻ പുടിൻ ശ്രമം നടത്തിയിരുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെയുള്ള ഈ വാക്പോരോടെ അമേരിക്ക–റഷ്യ ബന്ധം തീർത്തും വഷളായി. യുഎസിലെ അംബാസഡർ അനറ്റൊലി ആന്റനൊവിനെ തുടർചർച്ചകൾക്കായി മോസ്കോയിലേക്കു തിരികെ വിളിപ്പിച്ചിരിക്കുകയാണ്.
റഷ്യയുമായുള്ള ബന്ധം മെച്ചപ്പെട്ടു കാണാൻ ബൈഡൻ ആഗ്രഹിക്കുന്നില്ലെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പരാമർശമെന്നു പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വീണ്ടും വഷളാകുന്നതിന്‍റെ ഉത്തരവാദിത്വം പൂർണമായി അമേരിക്കക്കാകുമെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റ്യാബ്കോവ് പറഞ്ഞു. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പുടിൻ ഇടപെട്ടുവെന്ന ഇൻറലിജൻസ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അമേരിക്കൻ ചാനലായ എ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ബൈഡെൻറ വിവാദ പ്രതികരണം.
യു.എസ് തെരഞ്ഞെടുപ്പിൽ പുടിൻ ഇടപെട്ടുവെന്ന ഇൻറലിജിൻസ് റിപോർട്ടും റഷ്യ തള്ളിയിരുന്നു. നേരത്തെ റഷ്യൻ പ്രസിഡന്‍റിനെതിരെ മുൻ പ്രസിഡന്‍റ് ട്രംപ് കാര്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. സമാനമായി, പുടിൻ കൊലയാളിയാണോയെന്ന് 2017ൽ ട്രംപിനോട് മാധ്യമ പ്രവർത്തക ചോദിച്ചപ്പോൾ അമേരിക്ക അത്ര ശുദ്ധമാണോയെന്നായിരുന്നു മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല