സ്വന്തം ലേഖകൻ: റഷ്യയെ അടക്കി ഭരിക്കുന്ന പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്റെ എതിരാളികൾ ദുരൂഹസാഹചര്യത്തിൽ മരിക്കുന്നത് ഇതാദ്യമല്ല. വാഗ്നർ കൂലിപ്പട്ടാള മേധാവി യെവ്ഗെനി പ്രിഗോഷിനും മാധ്യമപ്രവർത്തകയും മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമൊക്കെ അപ്രതീക്ഷിത മരണം നേരിട്ടവരാണ്.
പ്രിഗോഷിൻ: പ്രിഗോഷിൻ കൊല്ലപ്പട്ടതാണ് ഏറ്റവുമടുത്ത സംഭവം. കഴിഞ്ഞ വർഷം ജൂണിലാണ് പ്രിഗോഷിൻ വാഗ്നർ പട്ടാളക്കാരുമായി മോസ്കോയിലേക്കു മാർച്ച് നടത്തിയത്. പുട്ടിന്റെ സുഹൃത്തും ബലാറൂസ് പ്രസിഡന്റുമായ ലൂക്കാഷെങ്കോയുടെ ഇടപെടലിൽ പ്രിഗോഷിൻ പിൻവാങ്ങി. പക്ഷേ, പാശ്ചാത്യശക്തികൾ പ്രിഗോഷിനെ മരിച്ച മനുഷ്യനായി കണക്കാക്കിയിരുന്നു. ഓഗസ്റ്റിൽ പ്രിഗോഷിനും വാഗ്നർ കമാൻഡർമാരും മോസ്കോയിൽനിന്നു സെന്റ് പീറ്റേഴ്സ്ബെർഗിലേക്കു സഞ്ചരിച്ച വിമാനം തകർന്നു മരിക്കുകയായിരുന്നു.
പാവേൽ ആന്റനോവ്: പുട്ടിനെ പിന്തുണയ്ക്കുന്ന റഷ്യാ യുണൈറ്റഡ് പാർട്ടിയിലെ നേതാവ് പാവേൽ ആന്റനോവ് 2022 ഡിസംബറിൽ ഇന്ത്യയിൽ ഹോട്ടൽ ജനാലയിൽനിന്നു വീണുമരിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ പുട്ടിനെ വിമർശിക്കുന്ന വാട്സാപ്പ് സന്ദേശത്തിനു പിന്നിൽ ഇദ്ദേഹമായിരുന്നുവെന്നു പറയുന്നു.
റാവിൽ മഗാനോവ്: റഷ്യൻ ശതകോടീശ്വരനും ലുക്ഓയിൽ എണ്ണക്കന്പനി മേധാവിയുമായിരുന്ന മഗാനോവ് 2022 സെപ്റ്റംബറിൽ മോസ്കോയിലെ ആശുപത്രി ജനാലയിൽനിന്നു വീണു മരിച്ചു. ഇദ്ദേഹവും യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ പുട്ടിനെ വിമർശിച്ചിരുന്നു.
ബോറിസ് നെമറ്റ്സോവ്: മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന നെമറ്റ്സോവ് 2015ൽ ക്രെംലിൻ പരിസരത്ത് വെടിയേറ്റു മരിച്ചു.
അന്ന പൊളിറ്റ്കോവിസ്ക്യ: പുട്ടിന്റെ കീഴിലെ പോലീസ് ഭരണത്തെക്കുറിച്ച് പുസ്തകമെഴുതിയ ഈ മാധ്യമപ്രവർത്തകയെ 2006ൽ വാടകക്കൊലയാളികൾ വധിച്ചു.
അലക്സാണ്ടർ ലിറ്റ്വിനെങ്കോ: മുൻ കെജിബി ഏജന്റും പുട്ടിന്റെ വിമർകനുമായിരുന്ന ഇദ്ദേഹം 2006ൽ ലണ്ടനിൽവച്ച് റേഡിയോ ആക്ടീവ് വിഷപ്രയോഗത്തിൽ കൊല്ലപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല