1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2023

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം റഷ്യയിലെ മോസ്‌കോയിൽ സ്ഥിതി ചെയ്യുന്ന ഭരണ സിരാകേന്ദ്രമായ ക്രെംലിനിൽ നടന്ന ഡ്രോണാക്രമണം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടി. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സങ്കേതങ്ങളിലൊന്നായിട്ടാണ് ക്രെംലിൻ വിശേഷിപ്പിക്കപ്പെടുന്നത്. റഷ്യൻ സേനയിലെ ഏറ്റവും ഉന്നത വിഭാഗമായ ക്രെംലിൻ റെജിമെന്റാണ് ഇവിടത്തെ സുരക്ഷാപരിപാലനം.

റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ക്രെംലിൻ കൊട്ടാരത്തിനു മുകളിൽ രാത്രി എന്തോ പറന്നു വന്നു പൊട്ടിത്തെറിച്ച് തീഗോളമാകുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യുക്രെയ്ൻ ഭരണകൂടത്തിന്റെ അറിവോടെയാണ് ആക്രമണമെന്നും ഇതിനെ ഭീകരപ്രവർത്തനമായി കണക്കാക്കുമെന്നും റഷ്യ വ്യക്തമാക്കി. മോസ്കോ നഗരത്തിനു മുകളിൽ ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചു. ഡ്രോൺ എത്തിയ സമയത്തു പുട്ടിൻ ക്രെംലിനിലുണ്ടായിരുന്നില്ല. മോസ്കോ നഗരപ്രാന്തത്തിലെ മറ്റൊരു വസതിയിലായിരുന്നു അദ്ദേഹമെന്നും റഷ്യ അറിയിച്ചു.

സംഭവത്തിൽ പങ്കില്ലെന്നും റഷ്യയുടെ നാടകമാണിതെന്നും യുക്രെയ്ൻ പ്രതികരിച്ചു. രണ്ടാം ലോകയുദ്ധത്തിൽ നാത്‌സി ജർമനിക്കുമേൽ സോവിയറ്റ് യൂണിയൻ വിജയം നേടിയതിന്റെ ഓർമയ്ക്കായി മേയ് 9ന് റഷ്യ വിജയദിനം ആഘോഷിക്കാനിരിക്കെയാണ് സംഭവം. യുക്രെയ്നിൽ യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ ഊർജ, സൈനിക കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു.

റഷ്യയുടെ ഹൃദയത്തിൽ കയറിയുള്ള ഈ ആക്രമണം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ സുരക്ഷയെപ്പറ്റിയും ചർച്ചകൾ ഉയർത്തുന്നു. ലോകത്തിൽ ഏറ്റവും സുരക്ഷയുള്ള നേതാവായിട്ടാണ് വ്ളാഡിമിർ പുട്ടിൻ അറിയപ്പെടുന്നത്. ഒരു മുൻ കെജിബി ഏജന്റായതിനാലാകാം, തനിക്കു ചുറ്റും എപ്പോഴും ഒരു സുരക്ഷാകവചം ഒരുക്കുന്നതിൽ പുട്ടിൻ അതീവ ശ്രദ്ധാലുവാണ്.

കോവിഡിന്റെ കാര്യത്തിൽ പോലുമുള്ള അദ്ദേഹത്തിന്റെ ജാഗ്രത ലോകം കണ്ടതാണ്. ലോകനേതാക്കളുമായി സംവദിക്കുമ്പോൾ പോലും കോവിഡ് പിടിപെടാതിരിക്കാനായി സവിശേഷമായ നീളത്തിലുള്ള മേശകൾ പുട്ടിൻ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങൾ ഇടയ്ക്ക് പ്രചരിച്ചിരുന്നു.

റഷ്യൻ സേനയിലെ ഏറ്റവും മികച്ച യൂണിറ്റായ ഫെഡറൽ പ്രൊട്ടക്ടീവ് സർവീസ് അഥവാ എഫ്എസ്ഒയാണ് പുട്ടിന്റെ സുരക്ഷാകാര്യങ്ങൾ നിർവഹിക്കുന്നത്. 1881ൽ സാർ അലക്‌സാണ്ടർ മൂന്നാമൻ ചക്രവർത്തിയാണ് ഈ പ്രത്യേക യൂണിറ്റിനു തുടക്കമിട്ടത്. കുറേയേറെ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഈ യൂണിറ്റിലേക്ക് ആളുകളെ എടുക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന സൈനികർക്ക് നല്ല ശാരീരിക ശേഷിയും മനോബലവും വേണം. തണുപ്പിനെ പ്രതിരോധിക്കാനും ചൂടിൽ അധികം വിയർക്കാതിരിക്കാനും ഇവർക്കു കഴിവ് വേണം.

കൈയിൽ പ്രത്യേക ബ്രീഫ്‌കേസുകളുമായാണ് ഇവരുടെ നടപ്പ്. പുട്ടിനെ സംരക്ഷിക്കാനുള്ള കവചമാണിത്. ബുള്ളറ്റ് പ്രൂഫ് കവചങ്ങളെപ്പോലും തുളച്ചു മുന്നോട്ടു പോകുന്ന 9 എംഎം വെക്ടർ പിസ്റ്റളുകളാണ് ഇവർ സാധാരണ ഉപയോഗിക്കുന്നത്. പുട്ടിൻ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതു മാസങ്ങൾ മുൻപ് തന്നെ ഇവർ ഷെഡ്യൂൾ ചെയ്യും.

ആ സ്ഥലത്ത് ഉടലെടുക്കാവുന്ന പ്രശ്‌നങ്ങൾ, കാലാവസ്ഥാമാറ്റങ്ങൾ എന്നിവയെല്ലാം ഇവർ നിരന്തരം പഠിച്ചുകൊണ്ടിരിക്കും. പുട്ടിൻ എങ്ങോട്ടെങ്കിലും പോകുമ്പോൾ ജാമറുകൾ ഉപയോഗിച്ച് ഒരു പ്രത്യേക സുരക്ഷാമേഖല ഇവരുടെ ഇലക്ട്രോണിക് വിഭാഗം സൃഷ്ടിക്കും. ഇതിനുള്ളിൽ റിമോട്ടുകൾ പ്രവർത്തിപ്പിച്ച് ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ സാധിക്കുകയില്ല. പുട്ടിനു ചുറ്റും ഒരു നിശ്ചിത മേഖലയിലെ സെൽഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഇവർ നിരന്തരം ശ്രദ്ധിക്കുകയും ചെയ്യും.

എകെ 47 ധരിച്ച എഫ്എസ്ഒ സൈനികർ തിങ്ങിനിറഞ്ഞ നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുട്ടിൻ പോകുന്നത്. വാനുകൾക്കുള്ളിൽ ആന്റി ടാങ്ക് ഗ്രനേഡ് ലോഞ്ചർ ഉൾപ്പെടെ ആയുധങ്ങളുമുണ്ടാകും. പൊതുവിടത്തിൽ പുട്ടിൻ ഇടപഴകുമ്പോൾ പല തലത്തിലായാണ് എഫ്എസ്ഒ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നിലയുറപ്പിക്കുക.

അദ്ദേഹത്തിന്റെ തൊട്ടടുത്തു നിൽക്കുന്ന പേഴ്‌സണൽ ബോഡിഗാർഡുകളാണ് ആദ്യ തലം, രണ്ടാമത്തെ തലത്തിലുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആളുകൾക്കിടയിൽ വേഷം മാറിയുണ്ടാകും. ഇതു കൂടാതെ ഒരു കൂട്ടം സ്‌നൈപ്പറുകൾ ദീർഘദൂര റേഞ്ച് റൈഫിളുകളുമായി ഉയരമുള്ള കെട്ടിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടാകും.

പുട്ടിന്റെ ബോഡിഗാർഡുമാർ 35 വയസ്സുവരെയെ സേവനത്തിലുണ്ടാകൂ. അതിനു ശേഷം ഇവരെ സൈന്യത്തിലേക്കോ മറ്റു സേനകളിലേക്കോ വിടും. പുതിയ ആളുകൾ നിയമിക്കപ്പെടുകയും ചെയ്യും. പ്രസിഡന്റുമായി നിരന്തര സമ്പർക്കം പുലർത്തുന്നതിനാൽ പിൽക്കാലത്ത് ഇവരൊക്കെ ഉയർന്ന തസ്തികയിൽ എത്തിയ ചരിത്രമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.