
സ്വന്തം ലേഖകൻ: പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനെ വധിക്കുക എന്ന ഉദ്ദേശ്യത്തോടെ യുക്രൈന്‍ ബുധനാഴ്ച രാത്രി ക്രെംലിനിലേക്ക് രണ്ട് ഡ്രോണുകളയച്ചെന്ന റഷ്യ ആരോപണം ചര്‍ച്ചയാകുന്നു. പുട്ടിൻ്റെ ക്രെംലിന്‍ വസതി ആക്രമിക്കാനുള്ള ശ്രമത്തെ കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമാണെന്നുമാണ് റഷ്യന്‍ ആരോപണം. എന്നാല്‍ ഈ രണ്ട് ഡ്രോണുകള്‍ റഷ്യയ്ക്കുള്ളില്‍ നിന്ന് തന്നെ വിട്ടതാകാമെന്നാണ് യു.എസ്. ആസ്ഥാനമായുള്ള ഡ്രോണ്‍ വിദഗ്ധര്‍ പറയുന്നത്.
മോസ്‌കോയ്ക്ക് ഡ്രോണുകളെ കണ്ടെത്താനും പ്രതിരോധിക്കാനും വിപുലമായ ജി.പി.എസ്. സംവിധാനങ്ങളുണ്ട്. 2015 മുതല്‍ ക്രെംലിന്റെ സുരക്ഷയില്‍ റഷ്യ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ഇടത്തരം ഡ്രോണാണ് ക്രെംലിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്രോണിന് ജി.പി.എസ്. സംവിധാനമുള്ളതായിരിക്കാനുള്ള സാധ്യതയില്ല. മറ്റാരുടെയോ നിയന്ത്രണത്തിലാകാം സഞ്ചരിച്ചത്. തന്നെയുമല്ല വളരെ അടുത്ത് നിന്ന് അയച്ചതാകാനാണ് എല്ലാ സാധ്യതയും. അതുകൊണ്ടുതന്നെ റഷ്യക്കകത്തുനിന്ന് തന്നെയാണ് ഡ്രോണ്‍ എത്തിയതെന്ന നിഗമനത്തിലാണ് വിദഗ്ധര്‍.
കനത്ത സുരക്ഷയും ശക്തമായ നിരീക്ഷണവുമുള്ള ക്രെംലിനില്‍ അനുവാദമില്ലാത ഡ്രോണുകള്‍ എങ്ങനെ പറന്നുവെന്നതും അതിന് മുന്നെ തകര്‍ക്കപ്പെട്ടില്ല എന്നതും സംശയമുണര്‍ന്ന കാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു.
പിന്നാലെ, അമേരിക്കയാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് റഷ്യ വീണ്ടും രംഗത്തുവന്നു. യുക്രൈന്‍ സൈന്യം അമേരിക്കയുടെ നിര്‍ദേശമനുസരിച്ചാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് പുട്ടിൻ്റെ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല