1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2023

സ്വന്തം ലേഖകൻ: ജനസംഖ്യാ വർധനയ്ക്കു പ്രോത്സാഹനവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ. എട്ടു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന് പുടിൻ രാജ്യത്തെ സ്ത്രീകളോട് ആവശ്യപ്പെട്ടു. കൂട്ടുകുടുംബം മാതൃകയാക്കി മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു. മോസ്‌കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു പുടിൻ. ”റഷ്യൻ ജനസംഖ്യയെ ശക്തിപ്പെടുത്തലാകണം അടുത്ത പതിറ്റാണ്ടുകളിൽ നമ്മുടെ ലക്ഷ്യം.

നമ്മുടെ നിരവധി വംശീയ വിഭാഗങ്ങൾ നാലും അഞ്ചും അതിലേറെപ്പോലും കുട്ടികളുള്ള കുടുംബപാരമ്പര്യം സംരക്ഷിച്ചുപോരുന്നുണ്ട്. റഷ്യൻ കുടുംബങ്ങളിലും നമ്മുടെ മുത്തശ്ശിമാർക്കും മുതുമുത്തശ്ശിമാർക്കും ഏഴും എട്ടും അതിലേറെയും കുട്ടികളുണ്ടായിരുന്നു. ആ മഹത്തായ പാരമ്പര്യം നമുക്ക് സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും വേണം.”-പുടിൻ ആഹ്വാനം ചെയ്തു.

കൂട്ടുകുടുംബങ്ങൾ മാതൃകയാക്കി മാറ്റേണ്ടതുണ്ട്. എല്ലാ റഷ്യൻ ജനതയുടെയും ജീവിതവഴിയാകണമത്. കുടുംബം രാജ്യത്തിന്റെയും സമൂഹത്തിന്റെയും മാത്രം അടിത്തറയല്ല. അതൊരു ആത്മീയപ്രതിഭാസം കൂടിയാണ്. ധാർമികതയുടെ ഉറവിടമാണ്. റഷ്യൻ ജനസംഖ്യയെ സംരക്ഷിക്കലും വർധിപ്പിക്കലുമാകണം വരും പതിറ്റാണ്ടുകളിലും മുന്നോട്ടും നമ്മുടെ ലക്ഷ്യം. ഇതാണ് റഷ്യൻ ലോകത്തിന്റെ ഭാവിയെന്നും വ്‌ളാദ്മിർ പുടിൻ കൂട്ടിച്ചേർത്തു.

റഷ്യയിലെ ഓർത്തഡോക്‌സ് സഭാ അധിപൻ പാട്രിയാർക്ക് കിറിലിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം നടന്നത്. ഓൺലൈനായാണ് പുടിൻ സംബന്ധിച്ചത്. റഷ്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ സംസാരിച്ചു.

1990കൾക്കുശേഷം റഷ്യയിലെ ജനനനിരക്ക് കുത്തനെ താഴോട്ടാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പുടിന്റെ ആഹ്വാനം. യുക്രൈൻ യുദ്ധത്തിൽ മൂന്നു ലക്ഷം റഷ്യൻ പൗരന്മാർക്കാണു ജീവൻ നഷ്ടപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ വികാരാധീനനായി ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയ നേരിടുന്ന, ജനനനിരക്ക് കുറയുന്ന
പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നതിനിടെയാണ് കിം വികാരാധീനനായത്.

കിം മുഖം കുനിക്കുന്നതും കണ്ണീരൊപ്പുന്നതും കാണാം. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. പ്യോങ്‌യാങ്ങില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് മദേഴ്‌സില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

ദേശീയ ശക്തിക്ക് കരുത്തുപകരുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു. 2023-ലെ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്ക് അനുസരിച്ച് ഉത്തരകൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.8 ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.