
സ്വന്തം ലേഖകൻ: റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും എതിരെ ഉപരോധം ഏർപ്പെടുത്തിയതായി യുകെ. യുകെയുടെ ഉപരോധ പട്ടിക അനുസരിച്ച്, അവർക്ക് ആസ്തി മരവിപ്പിക്കൽ ഉൾപ്പെടെ നേരിടേണ്ടിവരും. ഇതേ നടപടി തന്നെ യൂറോപ്യൻ യൂണിയനും യുഎസും ചുമത്തുന്നു. അതേസമയം ഇരുവർക്കും യാത്രാ നിരോധനമല്ല. തലസ്ഥാനമായ കൈവിൽ ടാങ്കുകളുമായി റഷ്യസൈന്യം യുക്രൈൻ ആക്രമിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. പുടിന്റെ ആക്രമണ പ്രവർത്തനം പരാജയപ്പെടുമെന്ന് ലോകം ഉറപ്പാക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടു. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശം പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള അപലപനത്തിനും പ്രതികാര ഉപരോധത്തിനും കാരണമായി.
ഒരു വെർച്വൽ മീറ്റിംഗിൽ നാറ്റോ സൈനിക സഖ്യത്തിന്റെ നേതാക്കളുമായി സംസാരിച്ച ജോൺസൺ, യുക്രൈയ്നെ ദുരന്തം വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ശീതയുദ്ധാനന്തര ക്രമം അട്ടിമറിക്കാനുള്ള ദൗത്യത്തിൽ പുടിൻ ഏർപ്പെടുകയാണെന്നും പറഞ്ഞു. റഷ്യൻ പ്രസിഡന്റിന്റെ അഭിലാഷങ്ങൾ യുക്രൈയ്നിൽ അവസാനിക്കില്ലെന്ന് സഖ്യകക്ഷികൾക്ക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ആഗോള പ്രത്യാഘാതങ്ങളുള്ള യൂറോ-അറ്റ്ലാന്റിക് പ്രതിസന്ധി എന്നതിന് മറുപടിയായി നാറ്റോ ഇപ്പോൾ ശക്തിപ്പെടുത്തുന്നത് പ്രധാനമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി.
സൈനിക പിന്തുണയോടെ മുന്നോട്ട് പോകാൻ നാറ്റോയുടെ ഏത് അഭ്യർത്ഥനയ്ക്കും യുകെ തയ്യാറാണെന്ന് ജോൺസൺ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, അദ്ദേഹം റഷ്യയിലെ ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തു, റഷ്യൻ ഭാഷയിൽ സംസാരിച്ച അദ്ദേഹം യുദ്ധം നിങ്ങളുടെ പേരിലല്ല എന്ന് മനസ്സിലാക്കുന്നതായും പറഞ്ഞു. ലോകത്തിന് സ്വതന്ത്രവും പരമാധികാരവുമുള്ള യുക്രൈയ്ൻ ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ട് സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തതിന് ശേഷം അദ്ദേഹം ഉക്രേനിയൻ ഭാഷയിലും സംസാരിച്ചു.
റഷ്യൻ ബാങ്കുകൾക്കും പുട്ടിനോട് അനുഭാവം പുലർത്തുന്ന റഷ്യൻ ബിസിനസ് സംരംഭങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണു റഷ്യ. റഷ്യയും അമേരിക്കയും നാറ്റോ രാജ്യങ്ങളും ഏർപ്പെടുത്തുന്ന ഓരോ ഉപരോധത്തിനും പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും എന്ന മുന്നറിയിപ്പോടെയാണ് ഉരുളയ്ക്ക് ഉപ്പേരിപോലുള്ള റഷ്യയുടെ നടപടി.
റഷ്യൻ വിമാനത്താവളങ്ങളിലും റഷ്യൻ വ്യോമാതിർത്തിയിലും ബ്രിട്ടീഷ് ഏയർവേസ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ലോട്ടിനു വ്യാഴാഴ്ച മുതൽ ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഈ നടപടി. ബ്രിട്ടന്റെ സൗഹൃദപരമല്ലാത്ത നടപടിക്കുള്ള തിരിച്ചടിയാണിതെന്ന് റഷ്യ പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഇതോടെ റഷ്യയിലേക്ക് ടിക്കറ്റെടുത്തിരുന്നവരുടെ യാത്രകൾ റദ്ദാക്കി എയർലൈൻസ് അധികൃതർ പണം തിരിച്ചു നൽകിത്തുടങ്ങി. യാത്രക്കാരോട് ബ്രിട്ടീഷ് എയർലൈൻസ് ഖേദവും പ്രകടിപ്പിച്ചു.
ലണ്ടനിൽ നിന്നും മോസ്കോയിലേക്കും തിരിച്ചും ആഴ്ചയിൽ മൂന്നു സർവീസ് വീതമാണ് ബ്രിട്ടീഷ് എയർവേസ് നടത്തിയിരുന്നത്. റഷ്യൻ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ വ്യോമപാതയിൽ മാറ്റം വരുത്തിയതായി വെർജിൻ അറ്റ്ലാന്റിക് കമ്പനി അറിയിച്ചു. ഇതുമൂലം ഇവിടങ്ങളിലേക്കുള്ള വിമാനയാത്രയുടെ ദൈർഘ്യം 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വർധിക്കും. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ വെർജിൻ കമ്പനിയും ഖേദം പ്രകടിപ്പിച്ചു.
ഹൂത്രൂവിൽ നിന്നു ഷാങ്ഹായിലേക്ക് ആഴ്ചതോറും നടത്തിയിരുന്ന വെർജിൻ അറ്റ്ലാന്റിക്കിന്റെ നാലു കാർഗോ സർവീസുകളും ക്യാൻസൽ ചെയ്തതായി അറിയിപ്പുണ്ട്. യുക്രൈയിനിലെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിൽ പ്രവർത്തിക്കുന്ന അഞ്ച് റഷ്യൻ ബാങ്കുകൾക്കും നൂറ് ബിസിനസ് സംരംഭകരായ ശതകോടാശ്വരന്മാർക്കും ബ്രിട്ടൻ വ്യാഴാഴ്ച ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണു റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ബ്രിട്ടനിൽ ലാൻഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല