
സ്വന്തം ലേഖകൻ: ഇറാന് ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്കും കൈമാറിയ ചാരനെ വധിക്കുമെന്ന് ഇറാൻ. സി.ഐ.എയുടെയും മൊസാദിന്റെയും ചാരനായ ഇറാന് പൗരന് മഹ്മൗദ് മൗസവി മദവിയെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന് ഇറാന് നിയമകാര്യ വക്താവ് ഖൊലാംഹുസൈന് ഇസ്മൈലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇറാന്റെ പ്രമുഖ നേതാവായിരുന്ന സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് നല്‍കിയത് മഹ്മൗദ് മൗസവിയാണെന്ന് ഖൊലാം ഹുസൈന് ഇസ്മൈലി കൂട്ടിച്ചേർത്തു. അമേരിക്ക ഡ്രോൺ ആക്രമണത്തിലാണ് ഖാസിം സുലൈമാനിയെ വധിച്ചത്. സുലൈമാനി വധത്തെ തുടര്‍ന്ന് ഇറാക്കിലെ അമേരിക്കന്‍ സൈനിക താവളം ഇറാന് ആക്രമിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ജനുവരി മൂന്നിനാണ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത്.
ഇറാൻ-ഇറാഖ് യുദ്ധത്തിന് ശേഷം റവലൂഷനറി ഗാർഡിനു കീഴിലെ ഉപ സൈനിക വിഭാഗമായ ഖുദ്സിന്റെ കമാൻഡറായി ചുമതലയേറ്റ സുലെമാനി സൈനിക ഉദ്യാഗസ്ഥൻ എന്നതിലുപരി ഇറാെൻറ പൊതുമണ്ഡലത്തിൽ സ്വീകാര്യനും ശക്തനുമായി വളരുകയായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന അഭ്യർത്ഥന നിരസിച്ച അദ്ദേഹം വിദേശ, പ്രതിരോധ നയങ്ങളിൽ ഒഴിച്ചുകൂടനാവത്ത ശബ്ദമായി മാറി.
സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായി. ഈയിടെ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ വർധിച്ചു. 2018ൽ മേരിലാൻഡ് യൂനിവേഴ്സിറ്റിയും ഇറാൻപോളും സംയുക്തമായി നടത്തിയ അഭിപ്രായ സർവ്വേയിൽ പ്രസിഡന്റ് ഹസൻ റൂഹാനിയെ പിന്നിലാക്കി 83 ശതമാനം ജന സമ്മതിയാണ് സുലൈമാനിക്ക് ലഭിച്ചത്. അതേസമയം, ശിയ സായുധ വിഭാഗമായ ഹിസ്ബുല്ലയുമായും ഫലസ്തീനിലെ ഹമാസുമായും സുലൈമാനിക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
ഇറാഖിലെ യു.എസ് എംബസി ആക്രമിക്കുകയും ഉപരോധിക്കുകയും ചെയ്തതിനു പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് അമേരിക്ക റിപബ്ലിക്കൻ ഗാർഡ് തലവനായ സുലൈമാനിയെ വധിക്കുന്നത്. എന്നാൽ, ഈ വർഷാവസാനം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ ജയ സാധ്യത വർധിപ്പിക്കാൻ ഡോണൾഡ് ട്രംപ് ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല