1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2022

സ്വന്തം ലേഖകൻ: ഏപ്രിൽ ഒന്ന്​ മുതൽ ഖത്തർ വിമാനത്താവളങ്ങളിലെ വിവിധ നിരക്കുകൾ വർധിപ്പിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തീരുമാനം. വിവിധ സേവനങ്ങൾ സംബന്ധിച്ച നിരക്കുവർധന അറിയിച്ച്​ എയർലൈൻ മാനേജർമാർ, ട്രാവൽ ഏജന്‍റുമാർ എന്നിവർക്ക്​ വ്യോമ വിഭാഗം സർക്കുലർ അറിയിച്ചു. ഏപ്രിൽ ഒന്ന്​ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ്​ അറിയിപ്പ്​.

ഇത്​ നടപ്പിലാവുന്നതോടെ ഖത്തറിൽനിന്ന്​ വിദേശങ്ങളിലേക്കുള്ള യാത്രാനിരക്കിൽ 55 റിയാൽ വരെ വർധനവുണ്ടാവും. വിമാനത്താവങ്ങളിലെ വിവിധ സേവനങ്ങളുടെ നിരക്കിലാണ്​ വർധനവുണ്ടായത്​. ഇത്​ യാത്രക്കാരിൽനിന്ന്​ ഈടാക്കുന്ന വിധത്തിലായിരിക്കും വിമാനക്കമ്പനികൾ ടിക്കറ്റ്​ ചാർജ്​ വർധിപ്പിക്കുക.

ഏപ്രിൽ ഒന്ന്​ മുതലാണ്​ പ്രാബല്യത്തിൽ വരുന്നതെങ്കിലും ഫെബ്രുവരി ഒന്നിന്​ ശേഷം ബുക്ക്​ ചെയ്യുന്ന ടിക്കറ്റുകളിൽ അധികനിരക്ക്​ ഈടാക്കും. അതേസമയം, ഏപ്രിൽ ഒന്നിന്​ ശേഷം യാത്രചെയ്യാനായി നിലവിൽ ബുക്ക്​ ചെയ്തവർക്കോ ജനുവരി 31ന്​ മുമ്പായി ബുക്​ ചെയ്യുന്നവർക്കോ നിരക്ക്​ വർധന ബാധകമാവില്ല.

എയർപോർട്ട്​ ഡെവലപ്​മെന്‍റ്​ ഫീസ്​ 40 റിയാലിൽനിന്ന്​ 60 റിയാലായി ഉയർത്തി. 24 മണിക്കൂറിനുള്ളിൽ ട്രാൻസിറ്റ്​ ചെയ്യുന്നവർ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാരുടെയും ചാർജിലാണ്​ വർധനവുണ്ടായത്​.

പാസഞ്ചർ ഫെസിലിറ്റീവ്​ ഫീസ്​ 35 റിയാലിൽനിന്ന്​ 60 റിയാലായി വർധിപ്പിച്ചു. 25 റിയാലാണ്​ ഈ വിഭാഗത്തിൽ വർധന​. 24 മണിക്കൂറിനുള്ളിൽ ട്രാൻസിറ്റ്​ ചെയ്യുന്ന യാത്രക്കാർക്കും ഇത്​ ബാധകമാണ്​. ഇതിനു പുറമെ, സേഫ്​റ്റി ആൻഡ്​​ സെക്യൂരിറ്റി ഫീസായി 10 റിയാലും പുതുതായി നിശ്ചയിച്ചു.

വിമാനത്തിൽ സീറ്റ്​ ആവശ്യമില്ലാത്ത രണ്ട്​ വയസ്സിന്​ താഴെയുള്ള കുട്ടികൾ, ഒരേ വിമാനത്തിൽ ട്രാൻസിറ്റ്​ ചെയ്യുന്ന യാത്രക്കാർ, ഡ്യൂട്ടിയിലുള്ള ഫ്ലൈറ്റ്​ ക്രൂ, സാ​ങ്കേതിക തകരാറോ കാലാവസ്​ഥാ പ്രശ്​നങ്ങളോ ഉൾപ്പെടെ വ്യക്​തമായ കാരണങ്ങളാൽ വഴിതിരിച്ചുവിടുന്ന വിമാനങ്ങൾ എന്നിവ ഒ​ഴികെ എല്ലാവിഭാഗം യാത്രക്കാർക്കും ചാർജ്​ വർധന ബാധകമായിരിക്കും. ഇറക്കുമതിക്ക് ഒരു മെട്രിക് ടണ്ണിന് 10 റിയാല്‍ വെച്ചും വര്‍ധിപ്പിച്ചിട്ടുണ്ട്.

തപാല്‍ ഉള്‍പ്പെടെ എല്ലാ രാജ്യത്ത്​ എത്തുന്നതും, ഇന്‍ ട്രാന്‍സിറ്റും ആയ കാര്‍ഗോ ഷിപ്പ്മെന്‍റുകൾക്കാണ്​ മെട്രിക് ടണ്ണിന് 10 റിയാല്‍ അധികമായി ചുമത്തുന്നത്​. ഒരേ വിമാനത്തില്‍ പോകുന്ന ഷിപ്പ്‌മെന്‍റുകള്‍ക്ക് ഈ ഫീസ് ബാധകമല്ല.

ഏപ്രിലിനു ശേഷം യാത്ര പ്ലാൻ ചെയ്ത യാത്രക്കാർക്ക്​ ജനുവരി 31ന്​ മുമ്പായി ടിക്കറ്റുകൾ ബുക്ക്​ ചെയ്താൽ വർധനവിൽനിന്ന്​ നേരിയ ആശ്വാസം ലഭിക്കുമെന്ന്​ ട്രാവൽ വിദഗ്​ധർ പറയുന്നു. ഏപ്രിൽ ഒന്നിനാണ്​ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്​ എങ്കിലും, ഫെബ്രുവരി ഒന്നിന്​ ശേഷം ബുക്ക്​ ചെയ്യുന്ന ടിക്കറ്റുകൾ പുതിയ നിരക്കിലായിരിക്കും ഇഷ്യൂ ചെയ്യുക.

അതേസമയം, ജനുവരി 31 മുമ്പായി ബുക്ക്​ ചെയ്താൽ, ഏപ്രിൽ ഒന്നിനു ശേഷമുള്ള യാത്രക്കും പുതിയ വർധന​ ബാധകമായിരിക്കില്ലെന്നാണ്​ ഖത്തർ സിവിൽ ഏവിയേഷൻ വിഭാഗത്തിന്‍റെ അറിയിപ്പ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.