
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ബോഡി അസാധാരണമാം ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍ബസ് എ350 എയര്‍ബസ് വിമാനങ്ങള്‍ നിലത്തിറക്കി. പെയിന്റിന് താഴെ വിമാനത്തിന്റെ ബോഡി ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 13 എയര്‍ബസ്സുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയത്.
ഇതുമായി ബന്ധപ്പെട്ട് വിമാനനിര്‍മാതാക്കളായ എയര്‍ബസ് കമ്പനിയുമായി ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് കമ്പനിയുടെ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നതായി ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപിച്ചത്. ഇന്ധന ലാഭം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ വിമാനത്തിന്റെ ഭാരം കുറയ്ക്കാനായി ബോഡിയുടെ കാര്യക്ഷമതയുടെ കാര്യത്തില്‍ കമ്പനി വിട്ടുവീഴ്ച ചെയ്തതായാണ് ആരോപണം.
പതിവ് പരിശോധനയ്ക്ക് പുറമേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എയര്‍ബസ് എ350 വിമാനങ്ങളില്‍ വിശദമായ പരിശോധന നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. പ്രശ്നത്തിന്റെ ശരിയായ കാരണം കണ്ടെത്തുകയും പരിഹാരം കാണുകയും ചെയ്യുന്നതുവരെ ഈ 13 വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് പ്രഥമ പരിഗണന നല്‍കുന്നത്. ഈ വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് ഒഴിവാക്കിയത് മൂലം യാത്രക്കാര്‍ക്ക് പ്രയാസം നേരിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ എയര്‍ബസ് ഉപയോഗിക്കുന്ന വിമാന കമ്പനി കൂടിയാണ് ഖത്തര്‍ എയര്‍വെയ്‌സ്.
നിലവില്‍ 53 എയര്‍ ബസ്സുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് ഉപയോഗിക്കുന്നത്. ഫ്രഞ്ച് കമ്പനിയില്‍ നിന്ന് കൂടുതല്‍ എയര്‍ബസ്സുകള്‍ക്കുള്ള ഓര്‍ഡറും ഖത്തര്‍ എയര്‍വെയ്‌സ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ എയര്‍ബസ് വാങ്ങില്ലെന്ന നിലപാടിലാണ് എയര്‍വെയ്‌സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല