1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2021

സ്വന്തം ലേഖകൻ: 021ലെ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന അംഗീകാരം ഖത്തര്‍ എയര്‍വെയ്‌സിന്. ഏവിയേഷന്‍ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറ്റിംഗ് ഏജന്‍സിയായ ആസ്ത്രേലിയയിലെ എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്കോമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടിക തയാറാക്കുന്നത്. മികച്ച റേറ്റിങ് നേടുന്ന 20 വിമാനകമ്പനികളുടെ പട്ടികയാണ് എല്ലാവര്‍ഷവും തയാറാക്കുക.

എയര്‍ ന്യൂസിലാന്റിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഖത്തര്‍ എര്‍വെയ്‌സ് ഒന്നാമതെത്തിയത്. ഏവിയേഷന്‍ സുരക്ഷയില്‍ ഏഴ് സ്റ്റാര്‍ റേറ്റിംഗും യാത്രാ സൗകര്യങ്ങളിലെ മികവും പുലര്‍ത്തുന്ന വിമാന കമ്പനികളെയാണ് തെരഞ്ഞെടുപ്പിനായി പരിഗണിക്കുക. ആഗോള വ്യാമയാന രംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെ നേരിട്ട കൊവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ എയര്‍വെയ്‌സിനെ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന അംഗീകാരം നേടിക്കൊടുത്തതെന്ന് എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്കോം പ്രസ്താവനയില്‍ വ്യക്തമാക്കി.

കാബിന്‍ സജ്ജീകരണത്തിലെ പുതുമകള്‍, യാത്രാസേവനത്തിലെ മികവുകള്‍ എന്നിവയ്ക്ക് പുറമെ കോവിഡ് കാലത്തെ സുരക്ഷാനടപടികളും സര്‍വീസും ഖത്തര്‍ എയര്‍വേസിനെ ഒന്നാമത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയതും ഖത്തറിന് നേട്ടമായി. കൊവിഡ് കാലത്ത് അയാട്ട നടപ്പിലാക്കിയ ഓപറേഷനല്‍ സേഫ്റ്റി ഓഡിറ്റ് നടപ്പിലാക്കിയ ആദ്യ വിമാനക്കമ്പനിയായിരുന്നു ഖത്തര്‍ എയര്‍വെയ്‌സ്.

എയര്‍ലൈന്‍ റേറ്റിംഗ്‌സ്, സ്‌കൈട്രാക്‌സ് എന്നിവയുടെ അംഗീകാരം ഇക്കാര്യത്തില്‍ ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ് നേടിയിരുന്നു. ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ പട്ടികയില്‍ മിഡിലീസ്റ്റിലെ രണ്ട് വിമാനക്കമ്പനികള്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. അഞ്ചാംസ്ഥാനത്ത് ദുബായിയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദ് എയര്‍വെയ്‌സുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മറ്റ് രണ്ട് വിമാനക്കമ്പനികള്‍.

പട്ടികയില്‍ നില മെച്ചപ്പെടുത്തിയാണ് എമിറേറ്റ്സ് അഞ്ചാംസ്ഥാനത്തേക്ക് ഉയര്‍ന്നത്. പ്രീമിയം ഇക്കണോമി ക്ലാസിന്റെ മികവാണ് എമിറേറ്റസിന്റെ മുന്നേറ്റത്തിന് കാരണം. പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ് അബൂദബിയുടെ ഇത്തിഹാദ് എയര്‍വേസ്. എയര്‍ ന്യൂസിലന്റ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, ആസ്ത്രേലിയയുടെ ക്വാന്റാസ് എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടംപിടിച്ച മറ്റു വിമാനക്കമ്പനികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.