
സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തിൽ ബ്രിട്ടനിലേക്കുള്ള യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി ഖത്തർ എയർവേസ്. തങ്ങളുടെ രാജ്യത്തേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ബ്രിട്ടൻ ഖത്തറിനെ കൂടി ഉൾപ്പെടുത്തിയതോടെയാണിത്. ഇതോടെ മാർച്ച് 19ന് പുലർച്ച നാലു മുതൽ ഖത്തറിൽനിന്നുള്ള എല്ലാ നേരിട്ടുള്ള വിമാനങ്ങളും ബ്രിട്ടൻ നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഖത്തർ എയർവേസിെൻറ അറിയിപ്പ്. യാത്രക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച് മറ്റ് അധികൃതരുമായും ബ്രിട്ടീഷ് എയർവേസ് അടക്കമുള്ള വിമാനകമ്പനികളുമായും ആശയവിനിമയം നടത്തിവരുകയാണെന്നും ഖത്തർ എയർവേസ് അറിയിച്ചു.
ബ്രിട്ടീഷ് സർക്കാറിെൻറ പുതിയ യാത്രാവിലക്കുകൾമൂലം യാത്രാസംബന്ധമായ പ്രയാസങ്ങൾ നേരിടുന്ന നിലവിൽ ഖത്തർ എയർവേസിൽ ബുക്ക് ചെയ്ത യാത്രക്കാർക്കും ‘ട്രാവൽ വിത്ത് കോൺഫിഡൻസ്’ പദ്ധതിവഴിയുള്ള യാത്രക്കാർക്കും അവരുടെ യാത്ര മറ്റുരീതിയിൽ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും ഖത്തർ എയർവേസ് അറിയിച്ചു.
യാത്രക്കാർക്ക് യാത്രാതീയതി, റൂട്ട് മാറ്റം എന്നിവ നടത്താം. ടിക്കറ്റ് തുക റീഫണ്ടിനുള്ള സൗകര്യവുമുണ്ട്. എന്നാൽ, ബ്രിട്ടനിൽനിന്ന് ഖത്തർ എയർവേസ് വഴി യാത്ര ചെയ്യുന്നതിന് ഇപ്പോഴും തടസ്സങ്ങളില്ല. അവരുടെ മടക്കയാത്ര ബ്രിട്ടീഷ് എയർവേസ് വഴിയോ പങ്കാളികളായുള്ള മറ്റ് വിമാനകമ്പനികൾ വഴിയോ ആവാം. മാർച്ച് 19നും മേയ് 18നും ഇടയിലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ മറ്റ്വിമാനങ്ങളിലോ ബ്രിട്ടീഷ് എയർവേസിലോ റീ ബുക്കിങ് നടത്തേണ്ടിവരും.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ https://www.qatarairways.com/enqa/travelwithconfidence.html എന്ന ലിങ്കിൽ ഉണ്ട്. യാത്രക്കാർ www.qatarairways.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ‘മാനേജ് ബുക്കിങ് സെക്ഷൻ’ ഫോൺ നമ്പർ അടക്കമുള്ള പുതിയ വിവരങ്ങൾ നൽകണം. ട്രാവൽ ഏജൻറ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ ഏജൻറുമാരുമായി നേരിട്ട് ബന്ധപ്പെടണമെന്നും ഖത്തർ എയർവേസ് അറിയിച്ചു.
മാർച്ച് 19 മുതൽ പുലർച്ച നാലു മുതലുള്ള ഖത്തറിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കുമാണ് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടെൻറ ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ, ഇത്യോപ്യ, ഒമാൻ, സോമാലിയ രാജ്യങ്ങളെയാണ് ബ്രിട്ടൻ പുതുതായി റെഡ്ലിസ്റ്റിൽ ഉൾെപ്പടുത്തിയിരിക്കുന്നത്. എന്നാൽ പോർചുഗൽ, മൊറീഷ്യസ് രാജ്യങ്ങളെ റെഡ്ലിസ്റ്റിൽനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 10 ദിവസമായി ഖത്തറിലുള്ളവർ, ഖത്തർവഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്കും ബ്രിട്ടനിൽ പ്രവേശിക്കാൻ കഴിയില്ല. ഇക്കാര്യം ഖത്തറിലെ ബ്രിട്ടീഷ് എംബസിയും ട്വീറ്റ് െചയ്തിട്ടുണ്ട്. ഖത്തറിൽനിന്ന് വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരും ബ്രിട്ടനിൽ താമസാനുമതിയുള്ള മറ്റ് രാജ്യക്കാരും ബ്രിട്ടനിൽ എത്തിയാൽ ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. നിലവിൽ ഖത്തറിൽ കോവിഡ് മഹാമാരിയുടെ രണ്ടാംവരവാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ബ്രിട്ടൻ്റെ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല