
സ്വന്തം ലേഖകൻ: ക്വാറന്റീന്‍ ഇല്ല, എന്‍ട്രി പെര്‍മിറ്റും വേണ്ട. സ്വദേശികള്‍ക്കും പ്രവാസി താമസക്കാര്‍ക്കുമായി ട്രാവല്‍ ബബിള്‍ ഹോളിഡേ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്. തുടക്കത്തില്‍ മാലദ്വീപുമായാണ് കരാര്‍. ഖത്തറിലെ സ്വദേശികള്‍ക്കും ഖത്തര്‍ റസിഡന്റ് പെര്‍മിറ്റുള്ള പ്രവാസി താമസക്കാര്‍ക്കും സുരക്ഷിത അവധിക്കാലമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
കരാര്‍ പ്രകാരം മാലദ്വീപിലെ അവധിയാഘോഷത്തിന് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ക്വാറന്റീനിലോ ഐസലേഷനിലോ കഴിയുകയും വേണ്ട, മടങ്ങിയെത്താന്‍ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റും ആവശ്യമില്ല.
ഖത്തറില്‍ നിന്നുള്ളവര്‍ക്കായി മാലദ്വീപില്‍ ചതുര്‍, പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ടുകളാണ് തയാറായിരിക്കുന്നത്. ഖത്തറിന്റെ കൊവിഡ്-19 ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മാലദ്വീപിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് ഹോളിഡെയ്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നോ പ്രാദേശിക യാത്രാ ഏജന്റു മുഖേനയോ ഡിസംബര്‍ 24 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 2020 ഡിസംബര്‍ ഒന്നിനും 2021 ജനുവരി ഏഴിനും ഇടയില്‍ യാത്ര ചെയ്തിരിക്കണം. ഖത്തറില്‍ നിന്നും മാലദ്വീപിലേക്കും തിരിച്ചുമുള്ള യാത്രയും താമസവും നികുതികളും ഉള്‍പ്പെടെയുള്ളതാണ് പാക്കേജ്. വിവിധ തരത്തിലുള്ള പാക്കേജുകൾക്ക് 5460 ഖത്തർ റിയാൽ മുതൽ 8315 റിയാൽ വരെയാണ് നിരക്കുകൾ.
ദോഹയില്‍ നിന്നും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. മാലദ്വീപില്‍ പ്രവേശനത്തിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ട്രാവല്‍ ബബിള്‍ ഹോളിഡേ പാക്കേജ് വ്യവസ്ഥകള്‍ പാലിക്കാമെന്ന് ഒപ്പിട്ടു നല്‍കണം.
ഹമദ് വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധന നടത്തണം. 15 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. കൊവിഡ് നെഗറ്റീവ് എങ്കില്‍ മാത്രമേ യാത്ര അനുവദിക്കൂ. മാലദ്വീപില്‍ കൊവിഡ് പരിശോധനയില്ല. വിമാനത്താവളത്തില്‍ നിന്നും റിസോര്‍ട്ടിലേക്കും അവധികഴിഞ്ഞ് തിരികെ വിമാനത്താവളത്തിലേക്ക് എത്താനും സ്പീഡ് ബോട്ട് യാത്രാ സൗകര്യം ലഭിക്കും.
ദോഹയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തും. കൊവിഡ് നെഗറ്റീവ് എങ്കില്‍ വീട്ടിലേക്ക് മടങ്ങാം. ക്വാറന്റീനോ സെല്‍ഫ് ഐസലേഷനോ ആവശ്യമില്ല. പോസിറ്റീവെങ്കില്‍ ആശുപത്രിയില്‍ ഐസലേഷനിലേക്ക് മാറ്റും. പാക്കേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് QRHtravelbubble@qatarairways.com.qa എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ https://www.qatarairwaysholidays.com/qa-en/offers/travel-bubble-holidays എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല