
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്സ് പരീക്ഷണാടിസ്ഥാനത്തിൽ ‘ട്രാവൽ പാസ്’ നടപ്പാക്കി തുടങ്ങി. ആദ്യഘട്ടത്തിൽ ഇസ്തംബുൾ റൂട്ടിലാണിത്. കോവിഡ് കാലത്തും യാത്രക്കാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയുള്ള വിമാന യാത്രയാണ് ട്രാവൽ പാസിന്റെ ലക്ഷ്യം. യാത്രക്കാരന്റെ കോവിഡ് പരിശോധനാ ഫലം, വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ട്രാവൽ പാസിൽ ലഭിക്കുമെന്നതിനാൽ യാത്രയ്ക്ക് യോഗ്യനാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയും.
ഡിജിറ്റൽ പാസ്പോർട്ടിലൂടെ യാത്രക്കാരന് കോവിഡ്-19 പരിശോധനാ ഫലം ലഭിക്കാനും അതുവഴി യാത്രക്ക് യോഗ്യനാണോ എന്ന് അറിയാനും സാധിക്കും. കൂടാതെ ഒകെ ടു ട്രാവൽ (യാത്ര ചെയ്യുന്നതിന് യോഗ്യൻ) എന്ന സ്റ്റാറ്റസ് യാത്രക്കാരൻ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പു തന്നെ വിമാന കമ്പനിയുമായും മറ്റു അധികൃതരുമായും ആപ് പങ്കുവെക്കുകയും ചെയ്യും. ഇതിലൂടെ കൂടുതൽ പ്രതിബന്ധങ്ങളില്ലാതെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താൻ യാത്രക്കാരന് സാധിക്കുന്നു.
യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഏറ്റവും പുതിയ കോവിഡ്-19 വിവരങ്ങളും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും മറ്റു നിർദേശങ്ങളും ആപ് വഴി യാത്രക്കാരന് ലഭ്യമാകും. ഇതോടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച ആശങ്കകൾക്കും വിരാമമാകും.
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട് അസോസിയേഷന്റെ (അയാട്ട) ട്രാവൽ പാസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന മധ്യപൂർവദേശത്തെ ആദ്യത്തെ വിമാനകമ്പനിയാണ് ഖത്തർ എയർവേയ്സ്. അയാട്ടയുടെ ‘ഡിജിറ്റൽ പാസ്പോർട്ട്’ മൊബൈൽ ആപ്പിലൂടെയാണ് ട്രാവൽ പാസ് ലഭിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം, പ്രാഥമിക പരിചരണ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുടെ സഹകരണത്തിലാണു നടപ്പാക്കിയത്. യാത്രക്കാരുടെ ഡേറ്റ സ്വകാര്യത ഉറപ്പാക്കിയാണ് പ്രവർത്തനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല