1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2020

സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ പുനഃസ്ഥാപിച്ചു. 85 ലധികം നഗരങ്ങളിലേക്കാണ് സർവീസുകൾ വീണ്ടും തുടങ്ങിയത്. ഇതോടെ പ്രതിവാര സർവീസുകളുടെ എണ്ണം 550 എത്തി. കൊവിഡ് പ്രതിസന്ധികളെ തുടർന്നു ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും 30 നഗരങ്ങളിലേക്കായി 150 പ്രതിവാര സർവീസുകൾ ഖത്തർ എയർവേയ്‌സ് നടത്തിയിരുന്നു.

വിവിധ രാജ്യങ്ങളിൽ കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങി പോയവരെ സ്വദേശങ്ങളിൽ എത്തിക്കാനുള്ള യാത്ര വിമാനങ്ങളും വിപണികളിലേക്കാവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളും മെഡിക്കൽ സാമഗ്രികളും എത്തിക്കാനുള്ള കാർഗോ വിമാനങ്ങളുമാണ് സർവീസ് നടത്തിയത്. ഈ മാസം ആദ്യ വാരം മുതൽ ഓസ്‌ട്രേലിയയിലേത് ഉൾപ്പെടെ 8 നഗരങ്ങളിലേക്കുള്ള പ്രതിവാര സർവീസുകൾ ആരംഭിച്ചാണ് സർവീസുകൾ പുനഃസ്ഥാപിച്ചത്.

യുകെയിലേക്ക് 45 പ്രതിവാര സർവീസുകളും തുടങ്ങിയിരുന്നു. കൊവിഡിന് മുൻപു 160 ലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഖത്തർ എയർവേയ്‌സ് ഘട്ടം ഘട്ടമായി സർവീസ് ശൃംഖല സജീവമാക്കും.

കാബിൻ ക്രൂ ജീവനക്കാർക്കും യാത്രക്കാർക്കും കർശന മുൻകരുതലുകൾ നടപ്പാക്കിയാണ് സർവീസ് നടത്തുന്നത്. അതേസമയം ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പ്രകാരം ഈ മാസം 18 മുതൽ 31 വരെ ഖത്തർ എയർവേയ്‌സിന് ഇന്ത്യയിലേക്കും തിരിച്ചും സർവീസിന് അനുമതി ലഭിച്ചെങ്കിലും 31 വരെ കേരളത്തിൽ നിന്നുള്ള മിക്ക സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.