1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2021

സ്വന്തം ലേഖകൻ: വീസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്ന ജീവനക്കാരുടെ താമസ രേഖകൾ നിയമവിധേയമാക്കാൻ കമ്പനികൾക്ക് ഒത്തുതീർപ്പ് തുകയിൽ 50 ശതമാനം ഇളവ് നൽകും. ജീവനക്കാരുടെ താമസാനുമതി രേഖ (റസിഡൻസി പെർമിറ്റ്)യ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും കാലാവധി തീയതി കഴിഞ്ഞിട്ടും പെർമിറ്റ് പുതുക്കി നൽകാതിരിക്കുകയും ചെയ്തതിലൂടെ നിയമലംഘനം നടത്തിയ കമ്പനികൾക്കാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രാലയം ഏകീകൃത സേവന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ അൻസാരി വിശദീകരിച്ചു.

വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ ഒക്‌ടോബർ 10 മുതൽ ഡിസംബർ 31 വരെ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവ് കാലാവധിയുടെ ഭാഗമാണിത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവർക്കാണ് ശിക്ഷകളില്ലാതെ നിയമപരമായ സ്റ്റേറ്റസ് ശരിയാക്കാൻ അവസരം.

നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഒത്തുതീർപ്പ് തുക ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. റസിഡൻസി, വർക്ക് വീസ, ഫാമിലി വിസിറ്റ് വീസ ചട്ടങ്ങൾ ലംഘിച്ച പ്രവാസികൾക്ക് ഇളവ് ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇതുവരെ സർക്കാർ സേവന കേന്ദ്രങ്ങളിൽ 20,000 കമ്പനി തൊഴിലാളികളുടെ അപേക്ഷ ലഭിച്ചതായും ബ്രിഗേഡിയർ വ്യക്തമാക്കി.

ഡിസംബർ 31ന് മുൻപായി കമ്പനി തൊഴിലുടമയോ അല്ലെങ്കിൽ ജീവനക്കാരനോ ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ സമർപ്പിക്കണം. സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിനെയോ അല്ലെങ്കിൽ ഉം സലാൽ, ഉം സുനെയിം, മിസൈമീർ, അൽ വക്ര, അൽ റയാൻ എന്നീ സർവീസ് സെന്ററുകളെയോ സമീപിക്കണം. ദിവസവും ഉച്ചയ്ക്ക് 1.00 മുതൽ വൈകിട്ട് 6.00 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.