1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2021

സ്വന്തം ലേഖകൻ: ഖത്തർ നിരത്തുകളിൽ ഡ്രൈവറില്ലാ ഇലക്ട്രിക് ബസ്സുകൾ സർവീസിനിറക്കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഇതിന്റെ മുന്നോടിയായി ഫുൾ ഓട്ടോമാറ്റിക് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു. പരീക്ഷണം വിജയകരമായാൽ ഫിഫ അറബ് കപ്പിൽ കാണികൾക്ക് സ്റ്റേഡിയങ്ങളിലെത്താൻ ഇ-മിനി ബസുകൾ ഏർപ്പെടുത്തും.

ഗതാഗത സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഖത്തർ ഫുൾ ഓട്ടോമാറ്റിക് ഇലക്ട്രിക് മിനി ബസുകൾ നിരത്തിലിറക്കാൻ ആലോചിക്കുന്നത്. ഖത്തറിന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്ത് ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ യൂടോങിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി യൂടോങിന്റെ ഓട്ടോമാറ്റിക് മിനി ബസ് ദോഹയിൽ പരീക്ഷണയോട്ടം തുടങ്ങി. ഒരു മാസത്തെ പരീക്ഷണയോട്ടം വിജയകരമായായാൽ ഈ നവംബര്‍ അവസാനം ആരംഭിക്കുന്ന ഫിഫ അറബ് കപ്പിൽ കാണികൾക്ക് സ്റ്റേഡിയങ്ങളിലെത്താൻ ഇ-മിനി ബസുകൾ ഏർപ്പെടുത്തും. ഇതോടെ ഈ ഗതാഗത സംവിധാനം ഏർപ്പെടുത്തുന്ന ആദ്യത്തെ രാജ്യമായി ഖത്തർ മാറും.

പൂർണമായും റഡാർ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഇലക്ട്രിക് മിനി ബസിൽ 8 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ബസിൽ സ്ഥാപിച്ചിരിക്കുന്ന റഡാർ നിയന്ത്രിത ക്യാമറകൾ വഴിയാണ് മുന്നിലുള്ള വസ്തുക്കളെ തിരിച്ചറിഞ്ഞ് സുരക്ഷിത സഞ്ചാരം സാധ്യമാക്കുക. ബസിന് മുന്നിൽ 250 മീറ്റർ ദൂരത്തിലുള്ള വസ്തുക്കളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് വേഗതയും യാത്രയും നിയന്ത്രിക്കാൻ ബസിന് കഴിയുമെന്നാണ് നിർമ്മാതാക്കളായ യൂടോങ് അവകാശപ്പെടുന്നത്.

ഡ്രൈവറില്ലെങ്കിലും പ്രവർത്തനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഒരു സാങ്കേതിക ജീവനക്കാരൻ ബസിലുണ്ടാകും. പ്രവർത്തന ക്ഷമത കൂടിയ ബാറ്ററികളുള്ളതിനാൽ തന്നെ ഒറ്റത്തവണ ചാർജ്ജ് ചെയ്താൽ മുഴുവൻ ശേഷിയോടെ നാൽപ്പത് കിലോമീറ്റർ വരെ ഓടാന് കഴിയും. ദോഹയിൽ നടന്ന പരീക്ഷണയോട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി ജാസിം സൈഫ് അൽ സുലൈത്തി, യൂടോങ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.