
സ്വന്തം ലേഖകൻ: ഖത്തറിലെ നാല് പ്രധാന ബാങ്കുകളില്‍ വിദേശികള്‍ക്ക് 100 ശതമാനം നിക്ഷേപ ഉടമസ്ഥതക്ക് അനുമതി നല്‍കി ഖത്തര്‍ ഭരണകൂടം. ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.
ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക്, കൊമേഴ്ഷ്യല്‍ ബാങ്ക്, മസ്‌റഫ് അല്‍ റയാന്‍ ബാങ്ക് എന്നിവയിലാണ് പൂര്‍ണമായ വിദേശ മൂലധന നിക്ഷേപത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വിദേശികള്‍ക്ക് രാജ്യത്തെ സാമ്പത്തിക മേഖലകളില്‍ നടത്താവുന്ന നിക്ഷേപത്തിന്റെ പരിധിയുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്തിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ മറ്റു ബാങ്കുകളില്‍ നേരത്തെയുള്ള സ്ഥിതി തുടരുമെന്ന് മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാബിനറ്റ് കാര്യ സഹമന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് തുര്‍ക്കി അല്‍ സുബാഈ അറിയിച്ചു. ഖത്തറിലെ പ്രവാസി നിക്ഷേപ രംഗത്തെ ചരിത്രപരമായ ചുവടുവയ്പ്പായാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല