1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2021

സ്വന്തം ലേഖകൻ: കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞവരിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് 2022 ഫെബ്രുവരി 1 മുതൽ ഇഹ്‌തെറാസിലെ ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകും. ഖത്തറിന്റെ കോവിഡ് വാക്‌സിനേഷൻ കാലാവധി 9 മാസമാക്കി കുറച്ചതിനെ തുടർന്നാണിത്. നിലവിൽ 12 മാസമാണ് കാലാവധി. ഫെബ്രുവരി 1 മുതലാണ് പുതിയ നടപടി പ്രാബല്യത്തിൽ വരുന്നത്.

ഫൈസർ-ബയോടെക്, മൊഡേണ, അസ്ട്രാസെനിക്ക എന്നീ വാക്‌സീനുകളുടെ രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിൽ അധികമായവരെ ഫെബ്രുവരി 1 മുതൽ വാക്‌സിനെടുക്കാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തും. ഇഹ്‌തെറാസിലെ ഗോൾഡൻ ഫ്രെയിം സ്‌റ്റാറ്റസും ഇവർക്ക് നഷ്ടമാകും. അതേസമയം ബൂസ്റ്റർ ഡോസെടുത്തവർക്ക് വാക്‌സിനേഷൻ കാലാവധി വീണ്ടും 9 മാസത്തേക്ക് ലഭിക്കും. ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസിലും മാറ്റമുണ്ടാകില്ല.

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അർഹരായവർക്ക് കാലതാമസമില്ലാതെ ബൂസ്റ്റർ ഡോസ് വിതരണം ലക്ഷ്യമിട്ട് ജനുവരി 9 മുതൽ ബിസിനസ്, ഇൻഡസ്ട്രിയൽ മേഖലയിലുള്ളവർക്കായി ബു ഗാണിൽ പുതിയ ഖത്തർ വാക്‌സിനേഷൻ കേന്ദ്രം തുറക്കും. മുൻകൂർ അനുമതി തേടിയവർക്ക് മാത്രമേ ഇവിടെ വാക്‌സീൻ അനുവദിക്കൂ. ദിവസേന 30,000 വാക്‌സീൻ ഡോസുകൾ എടുക്കാൻ ശേഷിയുള്ളതാണ് കേന്ദ്രം. ബൂസ്റ്റർ ഡോസ് മാത്രമല്ല ആദ്യ രണ്ട് ഡോസ് വാക്‌സീനുകളും അർഹരായവർക്ക് ഇവിടെ നിന്ന് ലഭിക്കും. ബിസിനസ്, ഇൻഡസ്ട്രിയൽ മേഖലയിലുള്ളവർ QVC@hamad.qa എന്ന ഇ-മെയിലിൽ മുൻകൂർ അനുമതി തേടണം.

അതിനിടെ ഖത്തർ വീണ്ടും കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ്. ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം. സർക്കാർ ഹെൽത്ത് സെന്ററുകളിലെ ജീവനക്കാരുടെ അവധി റദ്ദാക്കി. കോവിഡ് പോരാട്ടത്തിലെ നിർണായക സമയമാണിതെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് ആശങ്കാജനകമായ സാഹചര്യങ്ങൾ ഇല്ലെങ്കിലും ഒമിക്രോൺ സാന്നിധ്യവും പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നതിനാലും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.വരും ആഴ്ചകൾ പ്രധാനപ്പെട്ടതാണെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക സമയമാണിതെന്ന മുന്നറിയിപ്പും പൊതുജനാരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്.

അവധിക്ക് പോയ ജീവനക്കാരോട് ഉടൻ തന്നെ തിരികെ ജോലിയിൽ പ്രവേശിക്കാൻ പ്രാഥമിക പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) അധികൃതർ സർക്കുലർ ഇറക്കി. മെഡിക്കൽ, നഴ്‌സിങ് മുതൽ ക്ലിനിക്കൽ സപ്പോർട്ട് വകുപ്പ് ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടെയും അവധി റദ്ദാക്കി.

കോവിഡ് വാക്‌സീൻ ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമാണെന്നും വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിലധികമായവർ ബൂസ്റ്റർ എടുക്കാൻ വൈകരുതെന്നും അധികൃതർ നിരന്തരം ഓർമപ്പെടുത്തുന്നു. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ കോവിഡ് കേസുകൾ ഉയരാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് മുൻകരുതൽ സംബന്ധിച്ച ബോധവൽക്കരണങ്ങളും സമഗ്രമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.