
സ്വന്തം ലേഖകൻ: നീണ്ട മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ പരിഹരിച്ച് സൌദി അറേബ്യ ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറന്നു. കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്നു സൌദിയിലെ റിയാദില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ 41-ാമത് ഉച്ചകോടിയില്‍ അന്തിമ കരാറില്‍ ഒപ്പുവയ്ക്കണമെന്ന് ഖത്തര്‍ അമീറിനോടും സൌദി കിരീടാവകാശിയോടും കുവൈത്ത് അമീര്‍ ആഹ്വാനം ചെയ്തു.
മറ്റു വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉച്ചകോടിയിൽ പങ്കെടുക്കും.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകന്‍ ജാറദ് കഷ്‌നറും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ സന്ദേശവുമായി കുവൈത്ത് വിദേശകാര്യമന്ത്രി ദോഹയിലെത്തി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഖത്തറിനു മേലുള്ള കര, വ്യോമ, സമുദ്ര ഉപരോധം സൌദി പിന്‍വലിച്ചതായി കുവൈത്ത് പ്രഖ്യാപിച്ചത്.
സൌദിയിൽ നടക്കുന്ന 41 -മത് ഗൾഫ് ഉച്ചകോടിയിൽ ഉപരോധം അവസാനിപ്പിച്ച് നടത്തുന്ന പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് തിങ്കളാഴ്ച രാത്രി തന്നെ ഉപരോധം അവസാനിപ്പിച്ച് കര, കടൽ, വ്യോമ അതിർത്തികൾ തുറന്നുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിന് മേല്‍ സൌദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ കര, സമുദ്ര, വ്യോമ പാതകള്‍ അടച്ചും രാഷ്ട്രീയ, നയതന്ത്രബന്ധങ്ങള്‍ വിഛേദിച്ചും ഉപരോധം ഏര്‍പ്പെടുത്തിയത്.
ഗൾഫ് രാജ്യങ്ങൾ തമ്മിലെ ഐക്യവും സഹകരണവും വിളംബരം ചെയ്ത് 41-ത് ജിസിസി സമ്മിറ്റിന് സൌദിയിലെ ചരിത്ര നഗരമായ അൽ ഉലയിലെ മാറായ ഹാളിൽ ഇന്ന് തുടക്കം. ഗൾഫ് മേഖലയെ ഏറെ അലട്ടിയിരുന്ന ഖത്തർ പ്രതിസന്ധിക്ക് കൂടി പരിഹാരമായതോടെ ഗൾഫ് സമ്മിറ്റിന്റെ പ്രാധാന്യം വർധിക്കുന്നു.
ഖത്തർ ഉൾപ്പെടെ ജിസിസി അംഗരാജ്യങ്ങൾക്ക് സൌദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക ക്ഷണക്കത്ത് നൽകിയിരുന്നു. ഗൾഫിലെ മുഴുവൻ ഭരണാധികാരികളും അൽഉല ലക്ഷ്യമാക്കി പുറപ്പെട്ടതായി വാർത്താവൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ വെല്ലുവിളികളെ നേരിടേണ്ട രീതിയും കൊവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗവുമാണ് പ്രധാന അജൻണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല