
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുതു വർഷ ബജറ്റ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ കരുത്തേകും. ഈ വർഷവും വരും വർഷങ്ങളിലും സ്ഥിര വളർച്ചയ്ക്ക് തയാറെടുക്കുന്ന റിയൽ എസ്റ്റേറ്റ് വിപണി 2027നകം 11.5 ശതമാനം വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ലോകകപ്പുമായി ബന്ധപ്പെട്ട ചെലവുകൾ കുറഞ്ഞതോടെ 2,900 കോടി റിയാലിന്റെ ബജറ്റ് മിച്ചമാണ് ഈ വർഷം സർക്കാർ പ്രതീക്ഷിക്കുന്നത്.
പുതിയ സാമ്പത്തിക വർഷത്തിലെ ബജറ്റിന്റെ ഏകദേശം അഞ്ചിലൊരു ഭാഗവും റിയൽ എസ്റ്റേറ്റ് വിപണിയുടെ വളർച്ചയ്ക്ക് നിദാനമായ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കായാണ് നീക്കിവെച്ചിരിക്കുന്നതെന്ന് മുൻനിര റിയൽ എസ്റ്റേറ്റ് കൺസൽറ്റൻസി സ്ഥാപനമായ നൈറ്റ്-ഫ്രാങ്ക് മിഡിൽ ഈസ്റ്റിന്റെ ഗവേഷണ മേധാവി ഫൈസൽ ഡുറാനി ചൂണ്ടിക്കാട്ടി. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് കൂടുതൽ ശ്രദ്ധ നൽകി മുൻ ബജറ്റിലേതിനേക്കാൾ കൂടുതൽ തുക അനുവദിച്ചു. -വിദ്യാഭ്യാസ മേഖലയ്ക്ക് 1,810 കോടി റിയാലും ആരോഗ്യത്തിന് 2,110 കോടി റിയാലും.
ആഗോള തലത്തിലെ സംഭവ വികാസങ്ങൾ ഖത്തറിന്റെ പ്രധാന സാമ്പത്തിക അടിത്തറയായ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വില വർധിപ്പിക്കാൻ സഹായകമായതോടെ കഴിഞ്ഞ വർഷത്തെ ജിഡിപിയുടെ വളർച്ച 4.7 ശതമാനമാക്കി ഉയർത്തി. കഴിഞ്ഞ വർഷം എണ്ണ, വാതക വരുമാനത്തിൽ 20.8 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. വൻകിട പദ്ധതികൾക്കായി ഈ വർഷത്തെ ബജറ്റിൽ കൂടുതൽ തുക അനുവദിച്ചു. -6,390 കോടി റിയാൽ.
22 പുതിയ പദ്ധതികൾക്ക് ഉൾപ്പെടെയാണിത്. 22,800 കോടി റിയാൽ വരുമാനവും 19,900 കോടി റിയാൽ ചെലവും പ്രതീക്ഷിക്കുന്ന ഈ വർഷത്തെ ബജറ്റ് എണ്ണ വില ബാരലിന് 65 ഡോളർ കണക്കാക്കിയാണ് തയാറാക്കിയിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ബജറ്റ് മിച്ചമാണ് ഇത്തവണ കണക്കാക്കുന്നത്-2,900 കോടി റിയാൽ. ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം പൂർത്തിയായ ശേഷമുള്ള ബജറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് ശക്തി പകരുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല