1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2021

സ്വന്തം ലേഖകൻ: ഖത്തര്‍ മന്ത്രിസഭയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയും നിലവിലെ മന്ത്രാലയങ്ങള്‍ വിഭജിച്ചും പുതിയ മന്ത്രാലയത്തിന് രൂപം നല്‍കിയും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിറക്കി. പുതിയ രണ്ട് വനിതാ മന്ത്രിമാരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് പുതുതായി രൂപീകരിച്ചത്.

ക്ലൈമറ്റ് ചെയ്ഞ്ച് മന്ത്രിയായി ശെയ്ഖ്. ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനിയെ നിയമിച്ചു. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഈ കൈകാര്യം ചെയ്തിരുന്ന നഗരസഭാ പരിസ്ഥിതി വകുപ്പ് രണ്ടായി വിഭജിച്ചാണ് പുതിയ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് രൂപീകരിച്ചത്. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഈ നഗരസഭാ വകുപ്പ് മന്ത്രിയായി തുടരും.

ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തി മന്ത്രിപദവി വഹിച്ചിരുന്ന ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് രണ്ടായി വിഭജിച്ച് ഗതാഗതം, വാര്‍ത്താ വിനിമയ ഐടി മന്ത്രാലയം എന്നിങ്ങനെ രണ്ട് വകുപ്പുകളാക്കി. പുതുമുഖമായ മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നാഈയാണ് വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി.

ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തി ഗതാഗത വകുപ്പ് മന്ത്രിയായി തുടരും. ധനമന്ത്രാലയത്തിന്റെ കൂടി ചുമതല വഹിച്ചിരുന്ന വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി ധനവകുപ്പിന്റെ മാത്രം മന്ത്രിയായി നിയമിച്ചു. ശെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ താനിയാണ് പുതിയ വാണിജ്യ വ്യവസായ മന്ത്രി.

സാംസ്‌കാരിക കായിക മന്ത്രാലയത്തെ കായിക യുവജന മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിങ്ങനെ രണ്ടായി വിഭജിച്ചു. ശെയ്ഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ സാംസ്‌കാരിക വകുപ്പ് മന്ത്രി. സലാഹ് ബിന്‍ ഗാനിം അല്‍ അലി കായിക യുവജന മന്ത്രിയായി മന്ത്രിസഭയില്‍ തുടരും. വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ വകുപ്പിലും, സാമൂഹിക വികസന കുടുംബ വകുപ്പിലുമാണ് പുതിയ വനിതാ മന്ത്രിമാര്‍ ചുമതലയേറ്റത്.

ബുത്തൈന ബിന്‍ത് അലി അല്‍ ജാബിര്‍ അല്‍ നുഐമിയാണ് പുതിയ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. നേരത്തെ ഉണ്ടായിരുന്ന ഭരണവികസന സാമൂഹ്യക്ഷേമ വകുപ്പ് വിഭജിച്ചുണ്ടാക്കിയ പുതിയ സാമൂഹ്യ വികസന കുടുംബവകുപ്പിന്റെ മന്ത്രിയായി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദിനെ നിയോഗിച്ചു. ഇവര്‍ കൂടി ചുമതലയേറ്റതോടെ മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം നാലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.